കേരളത്തിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാരോട് അമേരിക്ക

single-img
10 August 2018

 

കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. പ്രളയബാധിത മേഖലയായ കേരളത്തില്‍ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും കാലവര്‍ഷക്കെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണം 24 ആയി. ഇടുക്കി അതീവ ജാഗ്രതയിലാണ്. ഇടുക്കിയില്‍ നാലിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കിണര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ അഞ്ച് പേരാണ്. ദേവീകുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരും മരിച്ചു.

മലപ്പുറത്ത് നിലമ്പൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലും മറ്റുമായി വയനാട്ടില്‍ മൂന്ന് പേരും എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് ഒരാളും മരണപ്പെട്ടു.