കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങായി തമിഴ്‌നാടും കര്‍ണാടകയും; സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

single-img
10 August 2018

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങായി തമിഴ്‌നാടും കര്‍ണാടകയും മുന്നോട്ടെത്തി. മഴക്കെടുതി നേരിടാന്‍ കേരളത്തിന് പത്തുകോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അറിയിച്ചത്.

കാലവര്‍ഷക്കെടുതിമൂലം നിരവധി പേര്‍ക്ക് കേരളത്തില്‍ ജീവന്‍ നഷ്ടമായി. പല ജില്ലയിലും വ്യാപകനാശം സംഭവിച്ചതായി മനസ്സിലാക്കുന്നു. വെള്ളപ്പൊക്ക ദുരിതത്തില്‍ എടപ്പാടി പളനിസ്വാമി അഗാധമായ ഖേദം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. നേരത്തെ മഴക്കെടുതി നേരിടാന്‍ മലയാള സിനിമയിലെ താര സംഘടനയായ അമ്മ അഞ്ച് ലക്ഷം രൂപ സര്‍ക്കാരിന് നല്‍കിയിരുന്നു. മുകേഷ് എം.എല്‍.എയും ജഗദീഷും ചേര്‍ന്നാണ് തുക സര്‍ക്കാരിന് കൈമാറിയത്.