Latest News

എറണാകുളം ജില്ലയില്‍ കനത്ത ജാഗ്രത; പമ്പിംഗ് നിര്‍ത്തിവച്ചതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി

സംസ്ഥാനത്ത് നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത് കേരളചരിത്രത്തിലെ തന്നെ ശക്തമായ മഴയെന്ന് വിലയിരുത്തല്‍. മഴയുടെ തോത് അളക്കാന്‍ തുടങ്ങിയതിന് ശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായിട്ടെന്ന് ഗവേഷകര്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്.

എന്നാല്‍ ഇത് തീരത്തേക്ക് നീങ്ങിയത് നേരിയ അശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ 13ാം തിയതി മുതല്‍ മഴ അതിശക്തമായി പെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനിടെ ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകി.

കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെടുത്താണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണികട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം ഇടുക്കി അണക്കെട്ടിന്റെ, അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രത്യേകിച്ച് ആലുവ മേഖലയില്‍ കനത്ത ജാഗ്രതയും തയാറെടുപ്പുകളും.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നാഹങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ മുമ്പും തുറന്നിട്ടുണ്ടെങ്കിലും അഞ്ചു ഷട്ടറുകള്‍ തുറക്കുന്നത് ആദ്യമായിട്ടാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 38 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ആയിരുന്നത് ഇന്ന് 68 എണ്ണമാക്കി വര്‍ധിപ്പിച്ചു.

എണ്ണായിരത്തോളം ആളുകള്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളിലേക്കു മാറിയിട്ടുണ്ടെന്നാണ് കണക്ക്. പെരുമ്പാവൂര്‍ മുതലുള്ള പ്രദേശങ്ങളില്‍ പെരിയാര്‍ തീരത്തുനിന്ന് 5,000 കുടുംബങ്ങളെ അടിയന്തര സാഹചര്യം വന്നാല്‍ മാറ്റിപാര്‍പ്പിക്കും. പെരിയാറിലൂടെയെത്തുന്ന ജലം തീരങ്ങളില്‍ പ്രശ്‌നമുണ്ടാക്കുമോയെന്ന ആകാംക്ഷയിലാണ് ഭരണകൂടം.

എറണാകുളത്ത് ഇന്നു പൊതുവേ മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കാതെ വെള്ളം പെരിയാറ്റിലൂടെ കടന്നുപോയേക്കാമെന്ന പ്രതീക്ഷയാണ് അധികാരികള്‍ക്ക് ഉള്ളത്. എന്നാല്‍, തീരത്തുനിന്നു വിട്ടുനില്‍ക്കണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ ആലുവയിലും പെരുമ്പാവൂരിലെ ചേലാമറ്റത്തും ഇന്നു രാത്രി മുതല്‍ ബലിതര്‍പ്പണം നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജാഗ്രത പാലിക്കുന്നത്.

ബലിതര്‍പ്പണത്തിന് സന്ധ്യമുതല്‍ ആളുകള്‍ എത്തിത്തുടങ്ങും. പതിവായി ബലിതര്‍പ്പണം നടക്കുന്ന ആലുവമണപ്പുറം മുങ്ങിയിരിക്കുന്നതിനാല്‍ സമീപത്തെ റോഡില്‍ സൗകര്യമൊരുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. നദിയില്‍ കനത്ത ഒഴുക്കുള്ളതിനാല്‍ ജനങ്ങള്‍ വെള്ളത്തില്‍ ഇറങ്ങരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്.

ഇതിനിടെ വാട്ടര്‍ അഥോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ പമ്പിംഗ് നിര്‍ത്തിവച്ചു. ഇതുമൂലം കൊച്ചിയില്‍ ഉള്‍പ്പെടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. വെള്ളത്തില്‍ ചെളി നിറഞ്ഞതാണു വിവിധ കേന്ദ്രങ്ങളില്‍ പമ്പിംഗ് നിര്‍ത്തിവക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

കലങ്ങി മറിഞ്ഞാണു പെരിയാര്‍ ഒഴുകുന്നത്. ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെയേറെ ചെളിയാണു വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത്. ആലുവയില്‍ നിന്നുള്ള പമ്പിംഗ് ഭാഗികമായി തടസപ്പെട്ടതിനാല്‍ പശ്ചിമ കൊച്ചി ഒഴികെയുള്ള കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളിലും ആലുവ, ഏലൂര്‍, കളമശേരി, തൃക്കാക്കര, ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട് എന്നിവിടങ്ങളിലും കുടിവെള്ള വിതരണത്തെ ബാധിക്കും.

പാണംകുഴി പമ്പ് ഹൗസില്‍ വെള്ളം കയറിയതിനാല്‍ വേങ്ങൂര്‍, മുടക്കുഴ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തെ ബാധിക്കും. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലും പമ്പിംഗ് നിര്‍ത്തിവച്ചു. ഇല്ലിത്തോട് നിന്നുള്ള പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മലയാറ്റൂര്‍, നീലീശ്വരം പഞ്ചായത്തുകളില്‍ ജലവിതരണം തടസപ്പെടും. സുരക്ഷയുടെ ഭാഗമായി നീലീശ്വരം പമ്പ് ഹൗസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്. ഇവിടെനിന്നുള്ള പമ്പിംഗ് നടക്കാത്തതിനാല്‍ നീലീശ്വരം പഞ്ചായത്തിലെ കുടിവെള്ള വിതരണവും തടസപ്പെടും.