കേരളത്തില്‍ അതിതീവ്രമഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
10 August 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മണ്‍സൂണ്‍ കാലത്ത് കേരളത്തിന് ലഭിച്ചത് 15% അധിക മഴയാണ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 2013 നു ശേഷം ലഭിക്കുന്ന മികച്ച മഴയാണിതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മണ്‍സൂണ്‍ ശക്തമാകുന്നതിന്റെ പ്രധാനഘടകം കാറ്റാണ്.

 

 

കാറ്റ് ശക്തമാകുമ്പോള്‍ മഴയും ശക്തമാകും. കാറ്റ് ദുര്‍ബലമാകുമ്പോള്‍ മഴ കുറയും. ഇപ്പോള്‍ കാറ്റ് ശക്തമായതിനാലാണ് മലയോര മേഖലകളിലടക്കം ശക്തമായ മഴ ലഭിക്കുന്നത്. ഒഡീഷ തീരത്ത് മൂന്നു ദിവസം മുന്‍പ് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ മഴ ശക്തമായതിന്റെ പ്രധാന കാരണം. ന്യൂനമര്‍ദം ശക്തമായി, കരയിലേക്ക് കടന്നതിന്റെ ഫലമായാണ് കേരളത്തിലും ലക്ഷദ്വീപിലും മഴ കനത്തത്.

അതിനിടെ മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 26 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു.

48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തി. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.