ഓഗസ്റ്റ് 12 വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കി; മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും: ഓണാഘോഷത്തിന് മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് ചെലവഴിക്കണമെന്ന് ചെന്നിത്തല

single-img
10 August 2018

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ തുടരും. ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിടുകയാണ്. പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷങ്ങള്‍ക്കായി മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് ചെലവഴിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

30 കോടി രൂപയാണ് തിരുവനന്തപുരത്തെ ഓണാഘോഷങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായിരിക്കുന്നത് വലിയ നാശനഷ്ടങ്ങളാണ്. ദുരിതം നേരിടാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കര വ്യോമ നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് യോഗം വിലയിരുത്തി.

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളും മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.

ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.