ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച്; യുവാക്കള്‍ക്ക് കോടതി ശിക്ഷയായി നല്‍കിയത് ‘എട്ടിന്റെ പണി’

single-img
10 August 2018

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നിറങ്ങി കീ കീ ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടെലിവിഷന്‍ താരം അടക്കം മൂന്നു യുവാക്കള്‍ക്ക് കോടതിയുടെ എട്ടിന്റെ പണി. മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനാണ് വാസായ് റെയില്‍വേ കോടതി ശിക്ഷ വിധിച്ചത്.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തിയാണ് യുവാക്കള്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ വാസൈ റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശ്യാം ശര്‍മ്മ(24), ധ്രുവ്(23), നിഷാന്ത്(20) എന്നിവരാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് സമീപം കീ കീ ചുവടു വച്ചത്.

സോഷ്യല്‍ മീഡിയ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഒരാഴ്ച കൊണ്ട് 1.5 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് മുതിര്‍ന്ന റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവരെ പാല്‍ഗര്‍ ജില്ലയിലുള്ള ലോക്കല്‍ കോര്‍ട്ടില്‍ ഹാജരാക്കിയപ്പോഴാണ് തുടര്‍ച്ചയായ മൂന്ന് ദിവസം വാസൈ റയില്‍വെ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമും വൃത്തിയാക്കാന്‍ കോടതി ഉത്തരവിട്ടത്. രാവിലെ 11 മുതല്‍ 2വരെയും വൈകിട്ട് 3 മുതല്‍ അഞ്ച് വരെയുമാണ് ശുചിയാക്കേണ്ടത്.

ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് കീ കീ ചലഞ്ചിനെതിരായ ബോധവത്ക്കരണം കൂടിയാണെന്ന് ഒരു റയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യം ശ്യാം ശര്‍മ്മയെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ പൊലീസ് പിടികൂടുന്നത്. ശ്യാം ഇതിന് മുന്‍പ് ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് യു ട്യൂബ് ചാനലുമുണ്ട്.