National

കന്‍വാര്‍ തീര്‍ഥയാത്ര: യു.പിയിലെ ഗ്രാമത്തില്‍ നിന്നും മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു; നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചുപൂട്ടി

വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ 13 ദിവസത്തെ തീര്‍ത്ഥാടന യാത്രയായ കന്‍വാര്‍ യാത്രയുടെ സമാപന ദിവസമാണ് ഇന്ന്. സംഘര്‍ഷം ഭയന്ന് യുപിയിലെ ബറേലി ജില്ലയിലെ ഖൈലം ഗ്രാമത്തില്‍ നിന്ന് ഗ്രാമീണരായ 70ഓളം മുസ്‌ലീം കുടുംബങ്ങള്‍ വീടുവിട്ട് പോയി.

മുസ്‌ലിം പ്രാതിനിധ്യ മേഖലയിലൂടെ കന്‍വാര്‍ യാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പൊലീസ് റെഡ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ വീടും നാടും ഉപേക്ഷിച്ച് പോയത്. കഴിഞ്ഞ തവണ യാത്രയ്ക്കിടെ പുറത്തുനിന്നുവന്നവര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍, പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് മുഴുവന്‍ പ്രദേശവാസികളെ ആയിരുന്നു.

അതുകൊണ്ടാകാം പൊലീസിന്റെ റെഡ്കാര്‍ഡ് കിട്ടിയ ഉടനെ മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടാകുക എന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസ് നല്‍കിയ റെഡ്കാര്‍ഡില്‍, കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

നിങ്ങള്‍ അത്തരത്തിലെന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുകയാണെങ്കില്‍ കടുത്ത നടപടിയെടുക്കുകയും പിഴയീടാക്കുകയും ചെയ്യുമെന്നും റെഡ്കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ് കാര്‍ഡ് നല്‍കിയത് കൂടാതെ, ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍ക്കൊള്ളുന്ന കുടുംബങ്ങളെക്കൊണ്ട് അഞ്ചുലക്ഷത്തിന്റെ ഒരു സാങ്കല്‍പ്പിക കരാറില്‍ പൊലീസ് ഒപ്പുവെപ്പിച്ചതായും ആരോപണമുണ്ട്.

എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വളരെ സമാധാനപൂര്‍ണമായാണ്, ഇന്നലെ പ്രദേശത്തുകൂടെ കന്‍വാര്‍ യാത്ര കടന്നുപോയത്. പക്ഷേ, അതിന് മുന്നൊരുക്കത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ഇതിനുപുറമെ മീററ്റിലടക്കം പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കുകയോ അടച്ചിടുകയോ ചെയ്തിരിക്കുകയാണ്.

അതിനിടെ ദില്ലി മോത്തി നഗറില്‍ വന്‍ ഗതാഗത തടസം സൃഷ്ടിച്ച് കാര്‍ തല്ലിപ്പൊളിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലും കന്‍വാര്‍ തീര്‍ത്ഥാടകര്‍ കാര്‍ തല്ലിപ്പൊളിച്ചു. കാല്‍നടയായി പോവുകയായിരുന്ന സംഘത്തിന് ഇടയിലൂടെ കടന്ന് പോയ കാര്‍ തീര്‍ത്ഥാടകരുടെ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം.

ഉത്തര്‍ പ്രദേശിലെ മുസാഫര്‍പൂരിലാണ് പൈപ്പുകളും വടികളുമുപയോഗിച്ച് കന്‍വാര്‍ തീര്‍ത്ഥാടകര്‍ കാര്‍ തല്ലിപ്പൊളിച്ചത്. അക്രമം തുടങ്ങിയതോടെ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ ദില്ലിയില്‍ നടത്തിയ അക്രമം പൊലീസുകാര്‍ നോക്കി നിന്നത് ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള അക്രമണ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നിരന്തരമുള്ള സംഘത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. അതിനിടെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് പൊലീസുകാര്‍ നല്‍കിയ സ്വീകരണം ഇതിനോടകം തന്നെ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു.

മീററ്റിലെ പൊലീസ് ഓഫീസറായ പ്രശാന്ത് കുമാറാണ് ഹെലികോപ്റ്ററില്‍ നിന്നും റോസാപ്പൂക്കള്‍ വിതറി തീര്‍ത്ഥാടകരെ സ്വീകരിച്ചത്. കമ്മീഷണര്‍ ചന്ദ്രപ്രകാശ് ത്രിപാഠിയും ഒപ്പമുണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം തന്നെ വിവാദങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിരുന്നു. ഇതോടെ പ്രശാന്ത് കുമാര്‍ ഈ വീഡിയോ പിന്‍വലിച്ചു.