ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; എറണാകുളം ജില്ലയില്‍ ആശങ്ക; മലയോര മേഖലയില്‍ ഗതാഗതം നിരോധിച്ചു; വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങി

single-img
10 August 2018

ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവില്‍ വര്‍ധന വരുത്തിയെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2,401.22 അടിയാണ് ഡാമിലെ ജലനിരപ്പ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

സെക്കന്റില്‍ 0.10 അടി എന്ന നിലയിലാണ് ഡാമില്‍ വെള്ളം നിറയുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

 

കൂടുതല്‍ വെള്ളം തുറന്ന് വിടാനുള്ള തീരുമാനം ഉള്ളതിനാല്‍ ചെറുതോണിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിന്റെ ഇരുതീരങ്ങളിലും നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ വരും മണിക്കൂറുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച്ച രാവിലെ തുറന്നതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങനെ വന്നാല്‍ ഇന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിക്കാനോ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാനോ സാധ്യതയുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്നും വെള്ളത്തിന്റെ ഒഴുക്ക് കൂടി കണക്കിലെടുത്ത് 12 മണിയ്ക്ക് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ എത്തിയ വെള്ളം റണ്‍വേയില്‍ കയറിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇടമലയാറിനൊപ്പം ഇടുക്കി ഡാമില്‍ നിന്നും കൂടി വെള്ളമെത്തുന്നതോടെ കാര്യങ്ങള്‍ കുറേ കൂടി സങ്കീര്‍ണാവും എന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. ഇന്നലെ റണ്‍വേയില്‍ നിറഞ്ഞ വെള്ളം പമ്പ് ഉപയോഗിച്ച് കളഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയത്.

അതിനിടെ പള്ളിവാസലിലെ റിസോട്ടില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് പുറത്തുകടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിദേശികള്‍ ഉള്‍പ്പടെ 30 ഓളം വിനോദ സഞ്ചാരികളാണ് രണ്ട് ദിവസമായി റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നത്.

സഹായമഭ്യര്‍ത്ഥിച്ച് സഞ്ചാരികളില്‍ ഒരാള്‍ പുറത്തുവിട്ട വീഡിയോ സന്ദേശം മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങള്‍ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും സഞ്ചാരി പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റിയുടേയും, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശത്തെ മറികടന്ന് ഈ മേഖലയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൊന്നാണ് പ്ലംജൂഡി റിസോര്‍ട്ട്. ഈ റിസോര്‍ട്ട് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് പലതവണ അധികാരികള്‍ നല്‍കിയിരുന്നു.

ഇതുവരെയും രക്ഷാപ്രവര്‍ത്തനം ഇവിടെ നടന്നിട്ടില്ല. ബുധനാഴ്ച രാത്രി ഇവിടെ പാറയിടിയുകയും തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടാവുകയുമായിരുന്നു. പള്ളിവാസലില്‍ നിന്നും നാല് കിലോമീറ്ററോളം മുകളിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പോലീസിനു പോലും അവിടേയ്ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.