ഇടുക്കി അണക്കെട്ടിന്റെ അവസാന ഷട്ടറും തുറന്നു; പുറത്തേക്കുവിടുന്നത് നാലുലക്ഷം ലിറ്റര്‍ വെള്ളം; അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

single-img
10 August 2018

ഇടുക്കി: ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്.

2041.60 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനമെടുത്തത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോള്‍ ഇടുക്കിയില്‍ പെയ്യുന്നത്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അ‍ഞ്ചു കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.