സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നുവിടുന്നത് ചരിത്രത്തിലാദ്യം; 40 ഡാമുകളില്‍ 25 ഉം തുറന്നു; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

single-img
10 August 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയില്‍ ഈ മാസം 14 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം തന്നെ പൂര്‍ണമായും ഭാഗീകമായും തടസപ്പെട്ട നിലയിലാണ്.

വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 13ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് 13ാം തീയതി വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ശനിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളെല്ലാം മഴ കെടുതിയിലാണ്. അതിനിടെ സംസ്ഥാനത്തെ 40 ഡാമുകളില്‍ 25 ഉം തുറന്നുകഴിഞ്ഞു.

ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നുവിടുന്നത് ചരിത്രത്തിലാദ്യമാണ്. രണ്ട് ദിവസം കൂടി മഴ തുടര്‍ന്നാല്‍ സ്ഥിതി അതി സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. വൈദ്യുതോല്‍പാദനത്തിനും ജലസേചനത്തിനുമായി ആകെ 40 അണക്കെട്ടുകളാണ് കേരളത്തിലുള്ളത്.

ഇതില്‍ ഉയര്‍ന്ന സംഭരണശേഷിയുള്ള പ്രധാന അണക്കെട്ടുകളിലൊന്നുപോലും തുറക്കാന്‍ ബാക്കിയില്ല. ഏറ്റവും സംഭരണ ശേഷിയുള്ള ഇടുക്കി 26 വര്‍ഷത്തിന് ശേഷമാണ് തുറന്നത്. ഇടുക്കിയില്‍ ലോവര്‍പെരിയാര്‍ ഉള്‍പ്പെടെ നാലെണ്ണം തുറന്നു. മാട്ടുപ്പെട്ടി ഡാം കൂടി തുറന്നാല്‍ മൂന്നാര്‍ ഠൗണ്‍ വെള്ളത്തിലാവും. നാല് വര്‍ഷത്തിന് ശേഷമാണ് എറണാകുളത്തെ ഇടമലയാര്‍ ഡാം തുറന്നത്.

പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാം തുറക്കുന്നത് അഞ്ചുവര്‍ഷത്തിന് ശേഷവും. തിരുവനന്തപുരത്ത് മൂന്ന്, കൊല്ലം ഒന്ന്, തൃശൂര്‍ 4, പാലക്കാട് 5, വയനാട് 2, കണ്ണൂരും കോഴിക്കോടും ഓരോ ഡാം വീതവും തുറന്നിരിക്കുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വെള്ളം തുറന്നുവിടേണ്ട നിലയിലാണ് ഡാമുകള്‍.

ഭൂഗര്‍ഭ ജലനിരപ്പും ഉയര്‍ന്നതിനാല്‍ വെള്ളം പെട്ടെന്ന് ഇറങ്ങുന്നില്ല. മഴ ശമിച്ച് താഴ്ന്ന ഭാഗത്തെ വെള്ളമിറങ്ങിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് റവന്യു വകുപ്പ് വിലയിരുത്തുന്നത്.

Wayanad – Red Alert for Extremely Heavy Rainfall till 14th August. Idukki – Red Alert for Extremely Heavy Rainfall till 13th August. Alappuzha, Kottayam, Ernakulam, Palakkad, Malappuram and Kozhikode – Red Alert for Extremely Heavy Rainfall till 11th August

Posted by Kerala State Disaster Management Authority – KSDMA on Friday, August 10, 2018