മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 70 കടന്നവര്‍ ബിസിസിഐയ്ക്ക് പുറത്ത്; ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ക്ക് ഭേദഗതികളോടെ അംഗീകാരം

single-img
9 August 2018

ബിസിസിഐയുടെ പുതിയ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം നല്‍കി. ‘ഒരു സംസ്ഥാനം, ഒരു വോട്ട്’ തുടങ്ങിയ ലോധ കമ്മറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുംബൈ, സൗരാഷ്ട്ര, വിദര്‍ഭ, വഡോദര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സ്ഥിരാംഗത്വം നല്‍കിയാണ് കോടതി ഉത്തരവ്. റെയില്‍വേസ്, സര്‍വീസസ്, സര്‍വകലാശാലാ അസോസിയേഷനുകള്‍ക്ക് മുഴുവന്‍ സമയ അംഗത്വം തിരികെ നല്‍കി. നേരത്തെ ലോധകമ്മിറ്റി വ്യവസ്ഥകള്‍ പ്രകാരം ഈ അസോസിയേഷനുകളുടെ മുഴുവന്‍ സമയ അംഗത്വം റദ്ദ് ചെയ്തിരുന്നു.

രണ്ട് വര്‍ഷം തുടര്‍ച്ചയായി ബിസിസിഐയിലോ സംസ്ഥാനക്രിക്കറ്റ് അസോസിയേഷനുകളിലോ ഭാരവാഹി ആകുന്നവര്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ വിലക്കുണ്ടാകും. ഒരു തവണ ഭാരവാഹിയായാല്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷമെ വീണ്ടും ഭാരവാഹിയാവാന്‍ കഴിയു എന്നായിരുന്നു ലോധ സമിതി നിര്‍ദ്ദേശം.

ഇതു ഭേദദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടര്‍ച്ചയായി രണ്ട് തവണ ഭാരവാഹിയാകാം എന്നാക്കി മാറ്റി. എന്നാല്‍ രണ്ട് വര്‍ഷം ഭാരവാഹി ആകുന്നവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. അതേസമയം, പരമാവധി ഭാരവാഹിത്വ കാലാവധി ഒന്‍പതു വര്‍ഷമാക്കുക, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഭാരവാഹിത്വ വിലക്ക് ഏര്‍പ്പെടുത്തുക, ഭാരവാഹികള്‍ക്ക് 70 വയസ്സ് പ്രായപരിധി നിശ്ചയിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ സുപ്രീംകോടതി അംഗീകരിച്ചു.

ഭേദഗതി വരുത്തിയ ഭരണഘടന ബിസിസിഐ നാലാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന അസോസിയേഷനുകള്‍ തുടര്‍ന്നുള്ള 30 ദിവസത്തിനുള്ളില്‍ ഭരണഘടന അംഗീകരിക്കണം. ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്താന്‍ താത്കാലിക ഭരണസമിതിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഐപിഎല്‍ വാതുവയ്പ് കേസുകളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് സുപ്രീംകോടതി ജസ്റ്റിസ് ലോധ കമ്മിഷനു രൂപം നല്‍കിയത്. 2015 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ലോധ കമ്മിഷന്‍, ബിസിസിഐയുടെ സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ടു സമര്‍പ്പിച്ച ശുപാര്‍ശകള്‍ 2016 ജൂലൈ 18നാണ് സുപ്രീം കോടതി അംഗീകരിച്ചത്.

ആറു മാസത്തിനകം ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് അന്ന് സുപ്രീം കോടതി ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നവര്‍ വാദങ്ങള്‍ പലതു നിരത്തി ശുപാര്‍ശകളോടുള്ള എതിര്‍പ്പ് തുടര്‍ന്നു. ഇതോടെ ഈ വിഷയത്തില്‍ രൂക്ഷപ്രതികരണങ്ങളുമായി പലതവണ സുപ്രീംകോടതി രംഗത്തെത്തി..