വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
9 August 2018

കനത്ത മഴ ദുരന്തം വിതക്കുന്ന വയനാട്ടില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ പെയ്തത്. ഇതേ തുടര്‍ന്ന് ജില്ല ഒറ്റപ്പെടുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടുകയും ചെയ്തിരുന്നു.

ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. നിരവധി പേരെ കാണാതായതായി വാര്‍ത്തയുണ്ട്. താമരശ്ശേരി ചുരം ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഇതേത്തുടര്‍ന്നാണ് സര്‍ക്കര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇനിയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഈ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ ഫയര്‍ഫോഴ്‌സ്, പോലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകാതെ തന്ന ആര്‍മി, നേവി എന്‍.ഡി.ആര്‍.എഫ് സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും.