കനത്ത മഴയില്‍ വയനാടും മൂന്നാറും ഒറ്റപ്പെട്ടു;.സംസ്ഥാനത്ത് രണ്ട് കുടുംബത്തിലെ 10 പേരടക്കം 20 മരണം; പലയിടത്തും ഉരുള്‍പൊട്ടല്‍; കണ്ണൂരില്‍ സൈന്യമെത്തി

single-img
9 August 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 11 പേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീട്ടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അഞ്ചുപേര്‍ മരിച്ചത്.

ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയെയും ബന്ധുവിനെയും മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കഞ്ഞിക്കുഴിയില്‍ അഗസ്തി, ഏലിയാമ്മ എന്നിവരും അടമാലിയില്‍ മോഹനന്‍, ശോഭന എന്നിവരും മരിച്ചു. മരിച്ച ഒരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെയാണ് കാണാതായിട്ടുള്ളത്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വയനാട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. വയനാട്ടില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. താമരശേരി ചുരത്തിലെ റോഡ് ഗതാഗതം പൂര്‍ണമായും തടപ്പെട്ടു. ഇതോടെ വയനാട് ഒറ്റപ്പെട്ട നിലയിലാണ്. നിരവധി വിനോദ സഞ്ചാരികളും മൂന്നാറില്‍ കുടുങ്ങിയതായാണ് വിവരം.

നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള വഴികളിലും വെള്ളം കയറി. എന്നാല്‍ വിമാനസര്‍വീസുകളെ ബാധിക്കില്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്നും സിയാല്‍ അറിയിച്ചു.

കണ്ണൂരില്‍ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊട്ടിയൂര്‍, ആറളം, കേളകം മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി.

പാലക്കാട് നഗരത്തിലടക്കം ഒട്ടേറെ വീടുകള്‍ വെള്ളത്തിലാണ്. പല പ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതര ഡാമുകളും തുറന്നിരിക്കുകയാണ്. ജലാശയങ്ങളിലും പുഴകളിലും ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മലമ്പുഴയില്‍ 204 മീല്ലീമീറ്റര്‍ മഴയാണു ലഭിച്ചത്.

പറമ്പിക്കുളം, ആളിയാര്‍ അണക്കെട്ടുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍പ്പുഴയിലും ജലനിരപ്പ് കൂടുതലാണ്. പുഴയ്ക്കു കുറുകെയുള്ള പല പാലങ്ങളിലും ഗതാഗതം നിരോധിച്ചു. മലവെള്ളപാച്ചിലില്‍ മുണ്ടൂര്‍ മേഖലയില്‍ വെള്ളപ്പൊക്കം. കോങ്ങാട് മണിക്കശ്ശേരി പുഴ കരകവിഞ്ഞു മുണ്ടൂര്‍ വേലിക്കാട് കൃഷിസ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

മലമ്പുഴ ഡാമിനു സമീപം പറച്ചാത്തി, എലിവാല്‍ മേഖകളിലും കഞ്ചിക്കോട് വേലഞ്ചേരി, കൊട്ടാമുട്ടി പ്രദേശത്തുമാണ് ഉരുള്‍പൊട്ടിയത്. പരിസരത്തെ ഒട്ടേറെ ജലാശയങ്ങള്‍ (ഏരി) തകര്‍ന്നു. കോരയാര്‍ പുഴ കവിഞ്ഞു. വാളയാര്‍ വനമേഖലയിലൂടെയുള്ള ബി ലൈന്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.