സംസ്ഥാനത്ത് കനത്ത മഴയില്‍ 16 പേര്‍ മരിച്ചു; നാല് ജില്ലകളില്‍ ഉരുള്‍പൊട്ടി; നിരവധി പേരെ കാണാതായി

single-img
9 August 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ 16 പേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കിയില്‍ മാത്രം 8 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു സ്ത്രീയുമാണ് മരിച്ചത്.

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി പത്ത് മണിയോടെ അടിമാലിക്ക് സമീപം ഒഡാസിറ്റിയില്‍ ഉരുള്‍പൊട്ടി. പനംകുട്ടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളടക്കം കുടുങ്ങി കിടക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വയനാട് ചുരവും കുറ്റ്യാടി ചുരവും വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി. പോലീസ് സ്റ്റേഷന് സമീപം ലക്ഷംവീട് കോളനിയില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒരാള്‍ കുടുങ്ങി കിടക്കുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചുരത്തിലെ ഒമ്പതാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ മൂലം കുറ്റ്യാടി ചുരത്തിലും ഗതാഗതം സ്തംഭിച്ചു.

മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിലകപ്പെട്ട അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്റെ പകുതി ഒലിച്ചുപോയി.

വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. വയനാട്ടില്‍ പലയിടങ്ങളിലായി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും റവന്യു ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണ്.