Breaking News

കനത്ത മഴയില്‍ പാലക്കാട്ട് വീടുകള്‍ വെള്ളത്തിനടിയില്‍; വ്യാപക നാശനഷ്ടം; ഇന്നുമാത്രം 20 ജീവന്‍ പൊലിഞ്ഞു

പാലക്കാട്: കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍ ഇന്നുമാത്രം 20 ജീവന്‍ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. ഇന്നലെരാത്രി തുടങ്ങിയ അതിതീവ്രമഴയാണ് ദുരന്തം വിതച്ചത്.

പാലക്കാട് ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുവിട്ടതിനേത്തുടര്‍ന്ന് ഭാരതപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നുണ്ട്. വൃഷ്ടിപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ അഞ്ചടി ഉയര്‍ത്തി.

ആദ്യമായാണ് മലമ്പുഴ അണക്കെട്ട് ഇത്രയും തുറക്കുന്നത്. ആളിയാര്‍ അണക്കെട്ടില്‍ നിന്നും 5000 ഘന അടി വെള്ളം ഭാരതപ്പുഴയില്‍ എത്തുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനേത്തുടര്‍ന്ന് ഇവിടങ്ങളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കനത്ത മഴേയത്തുടര്‍ന്ന് പോത്തുണ്ടി ഡാം, മംഗലം ഡാം എന്നിവയും തുറന്നിട്ടുണ്ട്. ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴക്കെടുതിയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുന്നു. ചെറിയ പാലങ്ങള്‍ പലതും ഒലിച്ചുപോയി. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം റോഡ് ഗതാഗതം താറുമാറായി. കനത്ത മഴ മലയോരമേഖലയിലാണ് കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് മലവെള്ളപാച്ചിലില്‍ ആനക്കാംപൊയില്‍ പ്രദേശം വെള്ളത്തിലായി. കുറ്റ്യാടി ചുരത്തിലും താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ വാഹനങ്ങള്‍ അകപ്പെട്ടു.

മലപ്പുറം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

വയനാട്

കനത്ത മഴ ദുരന്തം വിതക്കുന്ന വയനാട്ടില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ പെയ്തത്. ഇതിനെ തുടര്‍ന്ന് ജില്ല ഒറ്റപ്പെടുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടുകയും ചെയ്തിരുന്നു. ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. നിരവധി പേരെ കാണാതായതായി വാര്‍ത്തയുണ്ട്.

താമരശ്ശേരി ചുരം ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ഇടുക്കി

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും വന്‍ നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു.

ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. കൊന്നത്തടി വില്ലേജില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് 12 പേരെ പന്നിയാര്‍കുട്ടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.

മണ്ണിടിച്ചലിനെ തുടര്‍ന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്. നേരിയമംഗലം പമ്പളകീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഉടുമ്ബന്‍ചോല റോഡ്, രാജാക്കാട് പൊന്‍മുടി റോഡ്,രാജാക്കാട് എ.എം.സി.എച്ച് സിറ്റി, ചെമ്മന്നര്‍ ഉടുമ്ബന്‍ചോല എന്നീ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട്

കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കില്‍പ്പെട്ടത്. കനത്ത നാശനഷ്ടം. പുഴ 15 മീറ്റര്‍ മാറി ഒഴുകുകയും മലവള്ളെപ്പാച്ചില്‍ ഉണ്ടാവുകയുമായിരുന്നു. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ശക്തമായ മഴ തുടരുകയാണ്.

കണ്ണൂര്‍

മലയോരങ്ങളില്‍ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. കൊട്ടിയൂര്‍, ചുങ്കക്കുന്ന്, കേളകം, കണിച്ചാര്‍, പേരാവൂര്‍, കോളയാട് മേഖലകളില്‍ മഴ നാശം വിതയ്ക്കുന്നു. കേളകം കൊട്ടിയൂര്‍ മലയോര ഹൈവേയില്‍ വെള്ളം കയറി. കൊട്ടിയൂര്‍ ടൗണിനടുത്ത് മണ്‍തിട്ട ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂര്‍ മലവെള്ള പാച്ചില്‍ കൊട്ടിയൂര്‍ ടൗണിലെത്തി. മുപ്പതോളം കടകള്‍ ഒഴിപ്പിച്ചു. കൊട്ടിയൂരില്‍ ഇരുപതോളം സ്ഥലത്ത് മണ്ണിടിച്ചില്‍.

കൊട്ടിയൂരിലേക്കും മാനന്തവാടിയിലേക്കുമുള്ള ഗതാഗതം നിലച്ചു. ബോയ്‌സ് ടൗണ്‍ റോഡ് പൂര്‍ണമായി അടച്ചിട്ടു. കൊട്ടിയൂര്‍ ടൗണിലെ ഒരു താല്‍കാലിക കെട്ടിടത്തിലെ ചായക്കട ഒലിച്ചു പോയി. നാല് ബഹുനില കെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കൊട്ടിയൂര്‍ ടൗണ്‍ മുതല്‍ ചുങ്കക്കുന്ന് വരെ മലയോര ഹൈവേ പൂര്‍ണമായി വെള്ളത്തില്‍. ഇവിടങ്ങളില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇരുപതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ആലപ്പുഴ

പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജല നിരപ്പ് ഉയരാന്‍ സാധ്യത. എല്ലാ വകുപ്പുകളോടും സജ്ജമായിരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അടിയന്തിര യോഗം കലക്ടറേറ്റില്‍ ചേരുന്നു. നിലവില്‍ ആലപ്പുഴയില്‍ സ്ഥിതിഗതികള്‍ ശാന്തം. കുട്ടനാട്ടില്‍ അടക്കം പ്രശ്‌നങ്ങളില്ല. എസി റോഡിലെ വെള്ളക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തുടരുന്നു. 27ാം ദിവസമാണു എസി റോഡിലെ വെള്ളക്കെട്ട് തുടരുന്നത്. ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു.

ചിത്രം കടപ്പാട്: മനോരമ