ഇവളുടെ ബെസ്റ്റ്ഫ്രണ്ട് ആരെന്നോ?; രാജവെമ്പാല: പാമ്പുകള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്ന പതിനൊന്നുകാരിയുടെ വീഡിയോ വൈറല്‍

single-img
9 August 2018

https://www.facebook.com/SnappedInTheWild/videos/635958370123604/

വിഷപ്പാമ്പിനെയും തോളിലിട്ടുകൊണ്ടുള്ള ആ വരവ് കണ്ടാല്‍ പ്രൊഫഷണല്‍ പാമ്പുപിടിത്തക്കാര്‍ പോലും അന്തംവിട്ടുപോകും. എവിടെപോകുമ്പോഴും ഉണ്ടാകും കൂടെ മൂന്നുനാലു പാമ്പുകള്‍. പറഞ്ഞുവരുന്നത് ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോളിനെ കുറിച്ചാണ്.

നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് ഇവളുടെ ഉറ്റ തോഴന്മാര്‍. രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. പാമ്പ് കഴിഞ്ഞെ ഇവള്‍ക്ക് മറ്റെന്തുമുള്ളൂ.

അതുകൊണ്ടുതന്നെ ഇതുവരെ സ്‌കൂളിന്റെ പരിസരത്ത് പോലും പോയിട്ടില്ല. പാമ്പുകളെ വിട്ടുപിരിയാന്‍ കഴിയാത്തതാണ് അതിന് കാരണം. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. രാവിലെ എഴുന്നേറ്റാലുടന്‍ ഇവള്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും.

എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷ്ടമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. കജോളിന് രണ്ടു സഹോദരന്മാരും, ആറു സഹോദരികളുമുണ്ട്.

കജോളിന്റെ അച്ഛന്‍ കഴിഞ്ഞ 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്. ക്രമേണ ഈ ജോലി അദ്ദേഹം തന്റെ മൂത്തപുത്രന് കൈമാറി. ഇപ്പോള്‍ ഇളയമകളായ കജോളും കുലത്തൊഴിലിലേക്ക് മാറിയിരിക്കുന്നു. ഇവളും ഇപ്പോള്‍ പാമ്പുപിടുത്തത്തിന് പോകാറുണ്ട്.