ഇടുക്കി ഡാം തുറക്കുന്നത് ഇത് മൂന്നാം തവണ

single-img
9 August 2018

ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുമ്പ് 1981 ലും പിന്നീട് 1992ലുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രണ്ടു തവണയും ഒക്ടോബറിലായിരുന്നു ഷട്ടറുകള്‍ തുറന്നത്. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നും.

1981 ല്‍ 11 ദിവസമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992 ല്‍ ഒക്ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു. 2774. 734 മെട്രിക് ഘന അടി വെള്ളമാണ് അന്ന് ഒഴുക്കി വിട്ടത്.

ഇടുക്കി ഡാമിലെ വെള്ളം ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് കുതിച്ചൊഴുകുക. ഈ 90 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റില്‍ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറില്‍ കടന്ന് ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും. ഇവിടെനിന്ന് ഭൂതത്താന്‍കെട്ടിലും മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെയും ഒഴുകി രണ്ടായി തിരിഞ്ഞ് കടലിലും കായലിലും ചേരും.

ഇടുക്കി അണക്കെട്ട്

ഇടുക്കി അണക്കെട്ടിന്റെ ചരിത്രം പറയുമ്പോള്‍ കരിവെള്ളയാന്‍ കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പന്റെ പേരില്‍ നിന്ന് വേണം തുടങ്ങാന്‍. 1922 കാലഘട്ടത്തില്‍ മലങ്കര എസ്റ്റേറ്റ് സുപ്രണ്ടായിരുന്ന ഡബ്ലിയു. ജെ. ജോണും ആദിവാസിയായ കൊലുമ്പനുമാണ് ഇടുക്കി അണക്കെട്ടിന്റെ അമരക്കാര്‍.

ഇടുക്കിയിലെ വനാന്തരങ്ങളില്‍ നായാട്ടിനിറങ്ങിയ ജോണിന് വഴികാട്ടിയായത് ആദിവാസി മൂപ്പനായ കൊലുമ്പനായിരുന്നു. കുറവന്‍കുറത്തി മലകള്‍ക്കിടയില്‍ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തിക്കൊടുത്തതും കൊലുമ്പനാണ്. അണക്കെട്ട് നിര്‍മ്മിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അനുമതി തടസ്സം നേരിട്ടു.

1967 ലാണ് നിരവധി ആലോചനകള്‍ക്ക് ശേഷം അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പതിനൊന്ന് കോടി രൂപയാണ് ഈ അണക്കെട്ടിന്റെ നിര്‍മ്മാണച്ചെലവ്. പെരിയാര്‍ നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നത്. കൊലുമ്പനോടുള്ള ആദരസൂചകമായി അണക്കെട്ടിന്റെ കവാടത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുറവന്റെയും കുറത്തിയുടെയും പ്രണയമാണ് ഈ അണക്കെട്ടിന്റെ പാലമായി നില്‍ക്കുന്നതെന്നും വേണമെങ്കില്‍ പറയാം.

കുറവന്‍ മലയും കുറത്തി മലയും

വനവാസകാലത്ത് രാമനും സീതയും ഈ വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെന്നാണ് പറയുന്നത്. അപ്പോഴാണ് സീതയ്ക്ക് പെരിയാറില്‍ കുളിക്കാന്‍ മോഹം തോന്നിയത്. അങ്ങനെ പെരിയാറില്‍ കുളിച്ചു കൊണ്ടിരുന്ന സീതയെ മതിമറന്ന് നോക്കി നിന്ന കുറത്തിയെ രാമന്‍ ശപിച്ചു രണ്ട് മലകളാക്കി മാറ്റി.

ആയുസ്സിന്റെ അവസാനം വരെ അകന്നു കഴിയട്ടെ എന്നായിരുന്നു ശാപം. അങ്ങനെ കുറവനും കുറത്തിയും ഒന്നിക്കാനാവാതെ രണ്ടിടത്തായി നിലയുറപ്പിച്ചു. ശാപം നല്‍കിയ രാമന്‍ തന്നെ ശാപമോക്ഷവും നല്‍കി. കലിയുഗത്തില്‍ മനുഷ്യര്‍ നിങ്ങളെ ഒരുമിപ്പിക്കും എന്നായിരുന്നു ശാപമോക്ഷം.

കൊലുമ്പനാണ് ഈ കഥ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ജോണിന് പറഞ്ഞു കൊടുത്തത്. അങ്ങനെ കലിയുഗത്തില്‍ കുറവന്‍ മലയെയും കുറത്തി മലയെയും ഒന്നിപ്പിക്കാന്‍ നിമിത്തമായ മനുഷ്യരായി അവര്‍ മാറി.