ഹാര്‍ദിക് പട്ടേലിന്റെ ജയില്‍ ശിക്ഷ തടഞ്ഞു; ജാമ്യം അനുവദിക്കണമെന്ന് കോടതി

single-img
9 August 2018

2015 ലെ പട്ടേല്‍ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പാടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച കീഴ്‌ക്കോടതിയുടെ നടപടി ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് എസ്എച്ച് വോറയാണ് ശിക്ഷ തടഞ്ഞത്.

ഹാര്‍ദിക് പട്ടേലിന് കേസില്‍ ജാമ്യം അനുവദിക്കണം എന്നും എസ്എച്ച് വോറ വിധിച്ചു. കൂടാതെ കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ വാദം കേട്ടതിനുശേഷം മാത്രമായിരിക്കണം പൊലീസ് നടപടി എടുക്കേണ്ടത് എന്നും കോടതി പറഞ്ഞു. 2015 ല്‍ പട്ടേല്‍ പ്രക്ഷോഭത്തില്‍ ബിജെപി എംഎല്‍എയായ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതിനാണ് കീഴ്‌ക്കോടതി ഹാര്‍ദിക് പട്ടേലിന് ശിക്ഷ വിധിച്ചത്.

50,000 രൂപ പിഴ അടക്കാനും കോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന കോടതിയാണ് ശിക്ഷ വിധിച്ചത്. പട്ടേല്‍ സമുദായത്തിലെ മറ്റു രണ്ടു നേതാക്കളായ ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കും രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.