ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്: സിപിഐയെ അനുനയിപ്പിക്കാന്‍ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ നീക്കം

single-img
9 August 2018

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്താന്‍ സി.പി.എമ്മില്‍ ധാരണ. വ്യവസായവകുപ്പും അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രിയുടെ ചുമതലയും അദ്ദേഹത്തിനു ലഭിച്ചേക്കും എന്നാണ് സൂചന. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.

ഈ മാസം പത്തൊമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ധൃതഗതിയിലുള്ള നീക്കങ്ങള്‍. നാളെ സംസ്ഥാനസമിതിക്കും തിങ്കളാഴ്ച ഇടതുമുന്നണിക്കും ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം.

എന്നാല്‍ കര്‍ക്കിടകം അവസാനിച്ചിട്ടുമതി എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ മാസം പതിനേഴിനോ, പതിനെട്ടിനോ സത്യപ്രതിജ്ഞയെന്ന ധാരണയിലെത്തിയത്. ചിങ്ങം ഒന്നായ പതിനേഴ് കണക്കാക്കി ഒരുക്കങ്ങള്‍ നടത്താനുള്ള നിര്‍ദേശം സി.പി.എം നേതൃത്വം നല്‍കിക്കഴിഞ്ഞു.

ജയരാജന്‍കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. ഇപി ജയരാജന്റെ മടക്കത്തില്‍ നേരത്തെ ഉടക്കിട്ടത് സിപിഐയായിരുന്നു. നിലവിലുള്ള സിപിഎം മന്ത്രിമാരെ മാറ്റാതെ ജയരാജനെ കൊണ്ടു വന്നാല്‍ സിപിഐക്കും പുതിയ മന്ത്രിവേണം എന്നതായിരുന്നു അവരുടെ ആവശ്യം.

പക്ഷെ പഴയ കടുംപിടുത്തം സിപിഐക്ക് ഇപ്പോള്‍ ഇല്ലെന്നാണ് സൂചനകള്‍. കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കി സിപിഐയുടെ പരാതി തീര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുഡിഎഫ് പി.സി.ജോര്‍ജ്ജിന് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം നല്‍കിയപ്പോള്‍ ധൂര്‍ത്തെന്ന് പറഞ്ഞ് ഇടതുമുന്നണി വിമര്‍ശിച്ചിരുന്നു.

ജയരാജന്റെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി. അതേസമയം ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ധാര്‍മികമായി ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിക്കേസുകള്‍ മുഴുവന്‍ വിജിലന്‍സ് ഇപ്പോള്‍ എഴുതി തള്ളുകയാണ്. വിജിലന്‍സ് എന്ന സംവിധാനത്തെപ്പോലും ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.