നടന്‍ ദിലീപിന്റെ കാര്യത്തില്‍ ‘അമ്മ’യില്‍ രഹസ്യവോട്ടെടുപ്പ്

single-img
9 August 2018

താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെന്നാണ് വിവരം.

ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. ഇതിനെ പത്മപ്രിയ അതിശക്തമായി എതിര്‍ത്തു.

ദിലീപ് പ്രതിയാണെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. കേസില്‍ ജയിലില്‍ കിടന്നയാളുമാണ്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിലെ നിയമവശങ്ങളും പത്മപ്രിയ ഒന്നിനുപിറകേ ഒന്നായി അവതരിപ്പിച്ചു. തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്.

അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ, ജോയ് മാത്യു ഇതിനെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് എന്ന നിര്‍ദേശംവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.