ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി

single-img
9 August 2018

ഭിക്ഷാടനം നടത്തുന്നതു ക്രിമിനല്‍ കുറ്റമല്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമായി കാണുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണ്. ഇതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

മാഫിയ സംഘങ്ങള്‍ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്നും ഭിക്ഷാടകരുടെ മനുഷ്യാവകാശവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കര്‍ണിക സാഹ്നി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഭിക്ഷാടകരെ പാര്‍പ്പിക്കുന്ന മന്ദിരങ്ങളില്‍ ആവശ്യത്തിനു ഭക്ഷണവും മരുന്നുകളും ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.