പ്രസംഗിച്ചു കൊണ്ടിരുന്ന മോഹന്‍ലാലിനെതിരെ ‘കൈത്തോക്ക്’ ചൂണ്ടി നടന്‍ അലന്‍സിയര്‍: ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നാടകീയ രംഗങ്ങള്‍

single-img
9 August 2018

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരം ഇന്നലെ വിതരണം ചെയ്തത്. ഇതിനിടെ ചില നാടകീയ രംഗങ്ങളും ഉണ്ടായി. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ നടന്‍ അലന്‍സിയര്‍ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ സ്വഭാവ നടന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതായിരുന്നു അലന്‍സിയര്‍. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു.

എന്നാല്‍ സര്‍ക്കാരും മോഹന്‍ലാലും പ്രതിഷേധ സ്വരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതിനിടെയാണ് അലന്‍സിയര്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം ഒപ്പിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കവേയായിരുന്നു അലന്‍സിയറുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ശ്രമം ഉണ്ടായത്.

വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലന്‍സിയര്‍ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു.

അതേസമയം, ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. തന്റെ സഹപ്രവർത്തകർക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ എത്താനും അതിന് സാക്ഷ്യം വഹിക്കാനും തനിക്ക് അവകാശമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാൻ തനിക്ക് ആരുടെയും അനുവാദം വേണമെന്നില്ല.

യാദൃശ്ചികമായി കാമറയ്ക്ക് മുന്നിലെത്തിയ ആളാണ് താൻ. അഭിനയ ജീവിതം എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയില്ല. എന്നാൽ ആ യാത്രയ്ക്ക് തിരശീല വീഴുന്നത് വരെ താൻ ഇവിടെയൊക്കെ തന്നെ കാണുമെന്നും താരം പറഞ്ഞുനിറുത്തുമ്പോൾ സദസിൽ നിന്നും കരഘോഷം മുഴങ്ങി.

ലാലിന്റെ വാക്കുകൾ:

‘ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം. ഞാൻ പഠിച്ചത്, വളർന്നത്, എന്റെ അച്ഛൻ ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത്.. എല്ലാം ഈ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല. ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് തോന്നിയിട്ടുള്ളത്.

‘നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല‌. നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി’– മോഹന്‍ലാല്‍ പറഞ്ഞു.