മഴയത്തും കാറ്റത്തും ഇരുചക്ര വാഹനയാത്രയിലെ കുടപിടിത്തം; ഈ കുടപിടിത്തം വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്

single-img
9 August 2018

 

മഴ തുടങ്ങിയ ശേഷം പ്രത്യേകതകളുള്ള അഞ്ച് മരണങ്ങള്‍ കണ്ടതിന്റെ അനുഭവം വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ പിജി വിദ്യാര്‍ത്ഥിനി ഡോ. വീണ ജെ.എസ്. അഞ്ചു മരണങ്ങളുടേയും കാരണം ഇരുചക്ര വാഹനത്തിനു പിന്നിലിരുന്ന് കുടചൂടിയതാണെന്ന് വീണ വ്യക്തമാക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ ഫോറന്‍സിക് മെഡിസിന്‍ പിജി വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. പ്രത്യേകതയുള്ള അഞ്ചു മരണങ്ങള്‍ മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ മോര്‍ച്ചറിയില്‍ മാത്രം വന്നിട്ടുണ്ട്.

മരണരീതി ഇപ്രകാരം ആണ്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തില്‍ കുടപിടിച്ചിരുന്നു പുറകിലിരുന്നു യാത്ര ചെയ്തവര്‍ കാറ്റിന്റെ ശക്തിയില്‍ തെറിച്ചു താഴെ വീണു തലയോട്ടിക്കും മസ്തിഷ്‌ക്കത്തിനും ക്ഷതമേറ്റു കൊല്ലപ്പെടുന്നു.പുറകിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമല്ലാത്ത സാഹചര്യത്തില്‍ ഈ കുടപിടിത്തം അങ്ങേയറ്റം അപകടമാണ് വിളിച്ചു വരുത്തുന്നത്. ഇങ്ങനെയൊരപകടം ഇന്ന് നേരിട്ട് കാണുകയും ചെയ്തു.

വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആള്‍ കുട തുറക്കുന്നത്. വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു. കുട ഒരു ഭാഗത്തേക്ക് മലര്‍ന്നുപോയി. വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്ര തുടങ്ങിയ ശേഷമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ കൂടുതല്‍ അപകടം ആയേനെ.

കാറ്റിന്റെ ശക്തിയില്‍ കുട തെറിച്ചു പോകുമ്പോള്‍ കുട പിടിച്ചു വലിച്ചു നിര്‍ത്തുന്നത് കൂടുതല്‍ അപകടകരമായേക്കാം. എന്നാല്‍ പിന്നെ ആ സമയത്തു കുട കയ്യില്‍ നിന്നും വിട്ടേക്കാം എന്നാണെങ്കില്‍ റോഡില്‍ നടക്കുന്ന, അല്ലെങ്കില്‍ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്തു വന്നേക്കാം. സാരിയുടുത്തവര്‍ ഒരു വശത്തേക്ക് ഇരുന്നു കുട കൂടെ പിടിക്കുന്നത് വലിയ അപകടമാണ്. രണ്ടിനും ഒരേ റിസ്‌ക് ഉണ്ട്.

രണ്ടും കൂടി വരുമ്പോള്‍ റിസ്‌ക് ഒരുപാട് മടങ്ങു വര്‍ധിക്കും. ഏഴ് പേരാണ് ഇപ്പോള്‍ കോസ്‌മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കില്‍ പോകുന്നത് കണ്ടത്. നാളെ അവരെ മോര്‍ച്ചറിയില്‍ കാണാന്‍ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു ഫാമിലിയോട് കാര്യം അറിയിക്കുകയും ചെയ്തു.

അവരപ്പോള്‍ യാത്ര നിര്‍ത്തി വെച്ച് മഴ തോരാന്‍ ഞങ്ങള്‍ക്കൊപ്പം കാത്തിരുന്നു. ഉയരം കുറഞ്ഞ കട്ടിലില്‍ നിന്നും വീണു മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ച വളരെ പ്രായം കുറഞ്ഞ ആളുകളെ വരെ കാണേണ്ടി വന്നിട്ടുണ്ട്. (സാധാരണ പ്രായം കൂടിയവരിലും, പിന്നെ മദ്യപാനികളിലും മാത്രമേ ഇത് കാണൂ എന്നൊക്കെ ആയിരുന്നു ധാരണ.)ജീവന്‍ ഒരുപാടൊരുപാട് വിലപ്പെട്ടതാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക് മെഡിസിൻ പിജി വിദ്യാർത്ഥിനിയാണ് ഞാൻ. പ്രത്യേകതയുള്ള അഞ്ചു മരണങ്ങളാണ് …

Posted by Veena JS on Wednesday, August 8, 2018