രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; പ്രതിപക്ഷത്ത് വിള്ളല്‍?; എന്‍ഡിഎയ്ക്ക് വിജയ സാധ്യത

single-img
8 August 2018

നാളെ നടക്കുന്ന രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിന് എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗും യുപിഎ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 245 അംഗ രാജ്യസഭയില്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 116 പേരുടെ പിന്തുണയാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, സിപിഐ, സിപിഎം, ഡിഎംകെ, മുസ്‌ലിം ലീഗ്, പിഡിപി, ജെഡിഎസ്, മാണി കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ടിഡിപി എന്നിവരുടെ പിന്തുണയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാന്‍ സാധ്യത.

രാജ്യസഭയില്‍ ബിജെപിയ്ക്ക് 73 അംഗങ്ങളാണുള്ളത്. എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് മൂന്നും ജനതാദള്‍ യുണൈറ്റഡിന് ആറും അകാലി ദളിന് മൂന്നും അംഗങ്ങളുണ്ട്. ഇതിന് പുറമെ എഐഎഡിഎംകെയിലെ 13 അംഗങ്ങളുടെയുടെയും ഭൂരിപക്ഷം നോമിനേറ്റഡ് അംഗങ്ങളുടെയും പിന്തുണ എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.

ബിജു ജനതാദള്‍, ടിആര്‍എസ്, എന്നിവയുടെ പിന്തുണ കൂടി ലഭിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാകും. ജെഡിയു അംഗം ഹരിവംശിനെ എന്‍ഡിഎ യുടെ രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ അകാലിദളിന് ശക്തമായ വിജോജിപ്പുണ്ട്.

നരേഷ് ഗുജ്‌റാളിന് വാഗ്ദാനം ചെയ്ത സ്ഥാനമാണ് ഇപ്പോള്‍ ഏകപക്ഷീയമായി ബിജെപി നിതീഷ് കുമാറിന് കൈമാറിയതെന്നാണ് അകാലിദളിന്റെ പരിഭവം. എന്നാല്‍ അകാലിദളിനെ അനുനയിപ്പിക്കാനാകും എന്ന പ്രതീക്ഷ എന്‍ഡിഎയ്ക്കുണ്ട്.

എന്‍സിപിയിലെ വന്ദന ചവാന്‍, ഡിഎംകെയിലെ തിരുച്ചി ശിവ എന്നിവരില്‍ ഒരാളെ രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്തത്. പൂനെ മുന്‍ മേയര്‍ കൂടിയായ വന്ദന ചവാന്‍ സ്ഥാനാര്‍ത്ഥി ആവുകയാണെങ്കില്‍ ശിവസേനയുടെ പിന്തുണ ലഭിക്കും എന്നായിരുന്നു യുപിഎയുടെ കണക്കുകൂട്ടല്‍.

മൂന്ന് അംഗങ്ങളാണ് ശിവസേനയ്ക്ക് രാജ്യസഭയിലുള്ളത്. എന്നാല്‍ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ ഇന്നലെ ശരദ് പവാര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഉറപ്പ് നല്‍കിയതായി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍സിപി മത്സരരംഗത്ത് നിന്ന് പിന്മാറിയത്. എന്നാല്‍ തത്വാധിഷ്ഠിത നിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിറുത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.