കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥ; മൃതദേഹങ്ങള്‍ മാറിപ്പോയി; മോര്‍ച്ചറി അടിച്ച് തകര്‍ത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

single-img
8 August 2018

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയ മൃതദേഹം മാറിപ്പോയി. എഴുകോണ്‍ കാരുവേലില്‍ മണിമംഗലത്ത് തങ്കമ്മ പണിക്കരുടെയും (95) കലയപുരം ‘ആശ്രയ’ എന്ന അനാഥ അഗതി മന്ദിരത്തിലെ അന്തേവാസി ചെല്ലപ്പന്റെയും മൃതദേഹങ്ങള്‍ തമ്മിലാണു മാറിയത്.

കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹം ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ എത്തിച്ചത്. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.

തിങ്കളാഴ്ച സംസ്‌കാരത്തിനായി മോര്‍ച്ചറിയിലെത്തിയ ആശ്രയ ജീവനക്കാര്‍ക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാര്‍ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് ലയണ്‍സ്‌ക്ലബ് ജീവനക്കാര്‍ അബദ്ധം തിരിച്ചറിഞ്ഞത്. മൃതദേഹം മാറിപ്പോയെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം മാറി സംസ്‌കരിച്ചതായി കണ്ടെത്തി. കൊല്ലം കോര്‍പ്പറേഷന്റെ കീഴിലുള്ള പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹം തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മോര്‍ച്ചറി പൂട്ടിച്ച പൊലീസ്, നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോര്‍ച്ചറി അടിച്ചു തകര്‍ത്തു.