Movies

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്‌സ്

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം അന്നും ഇന്നും ചര്‍ച്ചയാണ്. എന്നാല്‍ ആര്‍ക്കുമറിയാത്ത ആ സൗന്ദര്യ രഹസ്യം പങ്കുവയ്ക്കുകയാണ് നടന്‍ ലാലു അലക്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ലാലു അലക്‌സിന്റെ വെളിപ്പെടുത്തല്‍. കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടി ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘സംഘം’ എന്ന ചിത്രത്തിലെ മമ്മൂട്ടിയേക്കാള്‍ ചെറുപ്പമാണെന്നാണ് ലാലു അലക്‌സിന്റെ വിലയിരുത്തല്‍.

ലാലു അലക്‌സിന്റെ വാക്കുകളിലേയ്ക്ക്–

മഹാനടന്‍, എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എന്നോടെപ്പോഴും പ്രത്യേക സ്‌നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം.

ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് ഞാന്‍ എത്തുന്നത്. ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, ‘സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ?’

അതാണ് ഡെഡിക്കേഷന്‍. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയാം, ഒരു നടന്‍, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടംകൊണ്ട് അദ്ദേഹം പറഞ്ഞു, ‘അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്.’ പിന്നീട് അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ തമാശ ആയി. മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി അത്. അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.

എന്നുപറഞ്ഞ പോലെ ആ വലിയ കലാകാരന്റെ കൂടെ കുറേ വര്‍ഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയുന്നു. കുട്ടനാടന്‍ ബ്ലോഗ് ഈ ഓണത്തിന് നല്ലൊരു സദ്യ തന്നെയായിരിക്കും. രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനമുണ്ട് സേതുവിന്. അതിന്റെ ഫലം ചിത്രത്തിന് ലഭിക്കും.