കലൈഞ്ജര്‍ക്ക് വിട; സംസ്കാരത്തിലെ അനിശ്ചിതത്വം തുടരുന്നു; സുരക്ഷാസേന ജാഗ്രതയില്‍

single-img
8 August 2018

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെന്നൈയിലെത്തും. ബുധനാഴ്ച തമിഴ്‌നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണം ഒരാഴ്ച നീണ്ടുനില്‍ക്കും.

 

 

അതിനിടെ കരുണാനിധിയുടെ സംസ്കാരത്തിന് ചെന്നൈയിലെ മറീന ബീച്ചില്‍സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും.
രാവിലെ 8 മണിയോടെ വാദം പുനരാരംഭിച്ചു.മറീന ബീച്ചില്‍ സ്ഥലമില്ലെന്നും പകരം ഗാന്ധി മണ്പത്തില്‍ സ്ഥലമൊരുക്കാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഡിഎംകെ ഒരുങ്ങുമെന്നാണ് അറിയുന്നത്.

കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുവിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്.