കലൈഞ്ജറെ കാണാന്‍ ജനസഞ്ചയം;തിക്കിലും തിരക്കിലും രണ്ട് മരണം; പൊലീസ് ലാത്തി വീശി

single-img
8 August 2018

ചെന്നൈ: കലൈഞ്ജറെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ജനങ്ങള്‍ രാജാജി ഹാളിലേക്കെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷ കവചങ്ങളൊരുക്കിയിട്ടും നിയന്ത്രിക്കാനാവത്തതിനെ തുടര്‍ന്ന് പൊലീസ് ചെറിയ രീതിയില്‍ ലാത്തിവീശി.

എങ്കിലും സുരക്ഷാ കവചങ്ങള്‍ തകര്‍ത്ത് പ്രിയനേതാവിനെ കാണാന്‍ ജനം തള്ളിക്കയറുകയാണ്. അതിനിടെ, സംസ്‌കാരം നടക്കുന്ന മറീന ബിച്ചിന്റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജാജി ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

പുലര്‍ച്ചെ 5.30ഓടെയാണ് കനിമൊഴിയുടെ സി.ഐ.ടി നഗറിലെ വീട്ടില്‍ നിന്നും കരുണാനിധിയുടെ മൃതദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്. കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു.