വ്യത്യസ്തനാമൊരു ബാര്‍ബറാം ഗബ്രിയേലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…

single-img
8 August 2018

അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിനടുത്താണ് ഈ വ്യത്യസ്തനായ ബാര്‍ബര്‍. പേര് ഗബ്രിയേല്‍ ഹെറേഡിയ, വയസ് 21, ജന്മനാ രണ്ട് കൈകളുമില്ല. പിന്നെങ്ങനെ മുടിവെട്ടാന്‍ പറ്റും എന്ന് സംശയിക്കാന്‍ വരട്ടെ. ഏത് ഷെയ്പ്പില്‍ മുടിവെട്ടണം എന്നുപറഞ്ഞ് ഗബ്രിയേലിനു മുന്നില്‍ തല കുനിച്ച് ഇരുന്നാല്‍ മാത്രം മതി.

മുടി വെട്ടിത്തീരുമ്പോള്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും പറപറക്കും. ഇരു കൈകളും ഉള്ളവര്‍ മുടി വെട്ടുന്നതിനെക്കാള്‍ പെര്‍ഫക്ടായാണ് ഗബ്രിയേല്‍ മുടി വെട്ടുന്നത്. ഏതു ഡിസൈനും വഴങ്ങും. തന്റെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ മുടി മുറിച്ച് നല്‍കുന്നതിനാല്‍ ഗബ്രിയേലിന് ഇവിടെ വന്‍ ഡിമാന്‍ഡാണ്.

സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഗബ്രിയേല്‍ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് ഈ മേഖലയിലേക്ക് വരുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് ഗബ്രിയേലിന് തുണയായത്. വ്യത്യസ്തനായ ബാര്‍ബറുടെ വീഡിയോ പുറത്തുവന്നതോടെ ഗബ്രിയേല്‍ അര്‍ജന്റീനയില്‍ മാത്രമല്ല ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയാണ്.