ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

single-img
8 August 2018

ആലപ്പുഴ: ചങ്ങനാശേരി അതിരൂപത മുന്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പില്‍ പറയുന്നു.

ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
അന്വേഷണ വിധേയമായാണ് തോമസ് പീലിയാനിക്കലിനെ സസ്‌പെന്റ് ചെയ്തത്. കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നേരത്തെ തോമസ് പീലിയാനിക്കലിനെ പുറത്താക്കിയിരുന്നു.

കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കല്‍, റോജോ ജോസഫ്, ത്യോസ്യാമ്മ എന്നിവര്‍ ചേര്‍ന്ന് കര്‍ഷകരുടെ പേരില്‍ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നാണ് കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും തോമസ് പീലിയാനിക്കലിനെ നീക്കിയത്. പീലിയാനിക്കലിനെതിരെയുള്ള സഭാ നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി.