അനുഷ്‌കയെ ഇന്ത്യന്‍ ടീമിലെടുത്തോ?; ബി.സി.സി.ഐക്കെതിരെ പ്രതിഷേധം

single-img
8 August 2018

ഒരിക്കല്‍ കൂടി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി ബോളിവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെ സന്ദര്‍ശിച്ച ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ബി.സി.സി.ഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.

‘ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍’ എന്ന കുറിപ്പോടെയാണ് ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഇതോടെയാണ് അനുഷ്‌ക ടീം ഇന്ത്യയുടെ ‘പ്രഥമ വനിത’യാണോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായത്. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ടീമിന്റെ മുന്‍ നിരയിലാണ് അനുഷ്‌ക ഫോട്ടോയില്‍ നില്‍ക്കുന്നത്.

എന്നാല്‍ വൈസ് ക്യാപ്റ്റനായ രഹാനെ മുന്‍ നിരയിലില്ലതാനും. ക്യാപ്റ്റന്‍ കോഹ്‌ലി, പരിശീലകന്‍ രവി ശാസ്ത്രി, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ക്ക് മുന്‍നിരയില്‍ ഇടമുള്ളപ്പോഴാണ് വൈസ് ക്യാപ്റ്റന്‍ രഹാനെയെ ഏറ്റവും പിന്നില്‍ കൊണ്ടുപോയി നിര്‍ത്തിയതെന്നാണ് ഇവരുടെ വിമര്‍ശനം.

അതേസമയം, മൂന്നാം ടെസ്റ്റ് കഴിയുന്നതുവരെ ഭാര്യമാരെയും വനിതാ സുഹൃത്തുക്കളെയും ഇംഗ്ലണ്ടിലേക്കു കൊണ്ടുവരുന്നതിന് താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നിട്ടും കോഹ്‌ലിയുടെ ഭാര്യ മാത്രം എങ്ങനെ ടീമിനൊപ്പമെത്തി എന്നും ആരാധകര്‍ ചോദിക്കുന്നു.

താരങ്ങള്‍ക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങില്‍ എത്തുന്നതിന് നിയമപരമായി നിയന്ത്രണമുണ്ട്. മാത്രവുമല്ല ടീം ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താനും പാടില്ല. എന്നാല്‍ അനുഷ്‌യ്ക്ക് വേണ്ടി ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്.