കുമ്പസാര ലൈംഗിക പീഡനം മറച്ചുവെച്ചതില്‍ ഉന്നത സഭാ നേതൃത്വത്തിനും പങ്ക്; ബിഷപ്പ് നടത്തുന്ന ശബ്ദരേഖ പുറത്തായി

single-img
7 August 2018

കോട്ടയം: വീട്ടമ്മയെ ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്ത കേസ് പൊലീസിൽനിന്ന് സഭാ നേതൃത്വവും മറച്ചുവച്ചതിന്റെ തെളിവ് പുറത്ത്. പരാതി മറച്ചുവയ്ക്കുന്നതിന് സഭാ നേതൃത്വം ബോധപൂർവം ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ ശബ്ദരേഖ പുറത്തായി.

യുവതിയുടെ പരാതി രേഖാമൂലം സ്വീകരിക്കാന്‍ ബിഷപ്പ് തയ്യാറായില്ല. ഇരയുടെ കുടുംബം നല്‍കിയ പരാതിക്ക് രസീത് തന്നാല്‍ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്.

പതിനാറ് വയസുമുതൽ ബലാൽസംഗം നടക്കുന്ന പശ്ചാത്തലത്തിൽ കേസ് ഒതുക്കി വയ്ക്കാനാകില്ലെന്നും പരാതിക്കാരന് നേരിട്ട് പൊലീസിനെ സമീപിക്കാമെന്നും മെത്രാപ്പൊലീത്ത പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

അതേസമയം കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രണ്ടു പേരും ഈ മാസം 13ന്അകം കീഴടങ്ങണം. കീഴടങ്ങുന്ന ദിവസം തന്നെ വിചാരണക്കോടതി ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.