തൊഴിലെവിടെ?ഓരോ ഇന്ത്യാക്കാരനും ഇതാണ് ചോദിക്കുന്നത്;ഗഡ്കരിയുടെ ചോദ്യത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

single-img
6 August 2018

ന്യൂഡല്‍ഹി: തൊഴിലില്ലായ്‌മ സംബന്ധിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ചോദിച്ച ചോദ്യം ആയുധമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നിതിന്‍ ഗഡ്കരി ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് ഇന്ത്യയിലെ ഓരോരുത്തരും ചോദിക്കു ന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

‘മികച്ച ചോദ്യം ഗഡ്കരി ജി. ഓരോ ഇന്ത്യക്കാരനും ഇതേ ചോദ്യമാണു ചോദിക്കുന്നത്, തൊഴിലെവിടെ?’ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചത്. ഗഡ്കരിയുടെ പ്രസ്താവനയടങ്ങിയ മാധ്യമവാര്‍ത്തയും ചേര്‍ത്തായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മഹാരാഷ്ട്രയില്‍ മറാഠ സംഘടനകള്‍ ഉള്‍പ്പെടെ സമുദായങ്ങള്‍ സംവരണ പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് ഗഡ്കരി മറുപടി നല്‍കിയത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ സംവരണം കൊണ്ടു ജോലി ലഭിക്കുമെന്ന് എങ്ങനെ കരുതാനാകും എന്നായിരുന്നു മന്ത്രി ചോദിച്ചത്.