“എന്‍റെ മകളോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ തീരുമാനിക്കും’- വിമര്‍ശനത്തിന് മറുപടിയുമായി ഐശ്വര്യ റായി

single-img
5 August 2018

ഐശ്വര്യറായി മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ഉമ്മവയ്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടത്. അതിന് മറുപടിയുമായി ഐശ്വര്യ രംഗത്തെത്തി. വെറുക്കുന്നവര്‍ വെറുക്കട്ടെ.. വിമര്‍ശിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ തുടരട്ടെ, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് ഐശ്വര്യ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

“ഞാന്‍ എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ആളുകള്‍ക്ക് ഓരോ കാര്യത്തിലും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാകും. പൊതു ഇടങ്ങളില്‍ ഞാനെങ്ങനെ എന്‍റെ മകളോടു പെരുമാറുന്നു ഇതൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. മറ്റുള്ളവരല്ല’- ഐശ്വര്യ തുറന്നടിച്ചു.

“എന്തെല്ലാം ട്രോളുകള്‍ വന്നാലും താന്‍ ഇങ്ങനെ തന്നെയായിരിക്കും. ആരാധ്യ എന്‍റെ മകളാണ്. ഞാനവളെ സ്നേഹിക്കുന്നു. അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും.’ -ഐശ്വര്യ വ്യക്തമാക്കി.

“നിന്നെ ഞാന്‍ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ’ എന്ന ക്യാപ്ഷനോടെയായിരുന്നു ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ മകളുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നായിരുന്നു ചിലരുടെ പ്രതികരണം. മറ്റുള്ളവരുടെ മുന്നില്‍ നല്ല അമ്മയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ് ഐശ്വര്യയെന്നും കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് ശരിയല്ലെന്നും ഐശ്വര്യ അമ്മ തന്നെയാണോ, ആരാധ്യ ശരിക്കും മകള്‍ തന്നെയാണോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ , ഐശ്വര്യയെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. അമ്മയും മകളും തമ്മിലുള്ള ഗാഢബന്ധം കാണിച്ച ചിത്രത്തെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യരല്ല, മറ്റു ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നൊക്കെയുള്ള കമന്‍റുകളുമായി നിരവധിപേര്‍ ഐശ്വര്യയെ പിന്തുണച്ച് രംഗത്തെത്തി.