1800 300 1947 എന്ന നമ്പര്‍ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്ടില്‍ നിങ്ങളറിയാതെ സേവായിട്ടുണ്ടോ ?

single-img
4 August 2018

ഉപഭോക്താക്കളറിയാതെ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണുകളിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി പരാതി. ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം.

തങ്ങളുടെ അനുവാദമില്ലാതെ അജ്ഞാത നമ്പര്‍ ഫോണില്‍ കയറിക്കൂടിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപഭോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. 18003001947 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറാണ് ഉപഭോക്താക്കളുടെ അനുവാദമില്ലാതെ തന്നെ അവരുടെ മൊബൈല്‍ ഫോണില്‍ കയറിക്കൂടിയത്.

യു.ഐ.ഡി.എ.ഐ എന്ന പേരിലാണ് ഈ നമ്പര്‍, ഫോണിലെ കോണ്‍ടാക്ട്‌സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെ മൊബൈല്‍ ഫോണുകളില്‍ വരെ ഈ നമ്പര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരാതി വ്യാപകമായതോടെ ഇതിന് വിശദീകരണവുമായി യു.ഐ.ഡി.എ.ഐ രംഗത്തുവന്നിട്ടുണ്ട്.

ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളോടും ടെലികോം സേവന ദാതാക്കളോടും ഉപഭോക്താക്കളുടെ ഫോണില്‍ അവരറിയാതെ നമ്പര്‍ സേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ഹെല്‍പ്‌ലൈന്‍ നമ്പറായ 18003001947 എന്നത് സാധുതയുള്ള ടോള്‍ ഫ്രീ നമ്പറല്ലെന്നും സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ പൊതുജനങ്ങളില്‍ മനപ്പൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

1947 എന്നതാണ് യു.ഐ.ഡി.എ.ഐയുടെ സാധുതയുള്ള ടോള്‍ ഫ്രീ നമ്പര്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ നമ്പറാണ് ഉപയോഗിക്കുന്നത്. ഈ നമമ്പറോ ഇപ്പോഴത്തെ 18003001947 എന്ന നമ്പറോ ഫോണില്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.