Latest News

തൊടുപുഴ കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയില്‍. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവാണ് പിടിയിലായത്. നേരത്തെ പിടിയിലായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്നാണ് ഷിബുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

കസ്റ്റഡിയിലെടുത്ത ഷിബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ഉടന്‍ തന്നെ ഇടുക്കിയിലെത്തിക്കും. അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന പുതിയ വിവരമനുസരിച്ച് വീട്ടില്‍ നിന്നും കണ്ടെത്തിയ നാല് വിരലടയാളങ്ങള്‍ ബന്ധുക്കളുടെയോ പരിചയക്കാരുടെയോ അല്ല എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം ഇനി പുരോഗമിക്കുക.

അതേസമയം, കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ പൈനാവ് പൊലീസ് ക്യാംപിലും മറ്റുള്ളവരെ വണ്ണപ്പുറം തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലുമാണ് ചോദ്യംചെയ്യുന്നത്.

മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തിരുന്ന കൃഷ്ണന്‍ ചിലര്‍ക്ക് നിധി കണ്ടെത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടുകാരായ ഒരു സംഘം ആളുകള്‍ക്കാണ് കൃഷ്ണന്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും ചിലര്‍ കൃഷ്ണന്റെ വീട്ടില്‍ വന്നിരുന്നു. ഈ സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നാട്ടുകാരിലും നിന്നും കുടുംബക്കാരിലും നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന കൃഷ്ണന്റെ വീട്ടിലേക്ക് പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി പലരും വന്നു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മന്ത്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കൃഷ്ണന്റെ സഹോദരങ്ങളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങള്‍ ഇവര്‍ സഹോദരങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞു. കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ മുറികളില്‍നിന്നു കണ്ടെത്തി.

കൃഷ്ണന്‍ ആക്രമണം ഭയന്നിരുന്നതായി ഇതില്‍നിന്നു വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടില്‍നിന്നു രക്തം പുരണ്ട നിലയില്‍ പൊലീസ് ചുറ്റിക, കഠാര, പേനാക്കത്തി, വെട്ടുകത്തി എന്നിവ കണ്ടെത്തിയിരുന്നു. ഇതൊക്കെ കൃഷ്ണന്റെ വീട്ടില്‍നിന്നുതന്നെ എടുത്തതാണ്.

ആയുധങ്ങള്‍ പണിതുകൊടുത്ത വെണ്‍മണി സ്വദേശിയെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തു. കൃഷിപ്പണിക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പണിതു കൊടുത്തത് താനാണെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. കൃഷ്ണന്‍ സ്ഥിരമായി ആയുധങ്ങള്‍ പണിയിച്ചിരുന്നു. സ്ഥിരമായി അരയില്‍ കഠാര സൂക്ഷിച്ചിരുന്നു. നെല്ല് ഉപയോഗിച്ചു നടത്തിയിരുന്ന പൂജകളില്‍ നെന്മണികള്‍ വകഞ്ഞുമാറ്റാനും മന്ത്രവാദത്തിനിടെ കോഴികളെ അറുക്കാനും ഈ കഠാര ഉപയോഗിച്ചിരുന്നു.

85–കിലോ തൂക്കവും ഒത്ത ശരീരവും ശക്തിയുമുള്ള കൃഷ്ണനെ, രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാലും കീഴ്‌പ്പെടുത്താനാവില്ലെന്നു പൊലീസ് പറയുന്നു. ആരോഗ്യ പരിപാലനത്തില്‍ കൃഷ്ണന്‍ നല്ല ശ്രദ്ധ വച്ചിരുന്നു. രണ്ടു ലീറ്റര്‍ ആട്ടിന്‍പാലും മൂന്നു മുട്ടയും ദിവസവും കഴിക്കുമായിരുന്നു എന്നാണ് ബന്ധുക്കളിലൊരാള്‍ പൊലീസിനോടു പറഞ്ഞത്.

കാല്‍പ്പാദം നിലത്തു തൊടാന്‍ പാടില്ല എന്നു പറഞ്ഞ് പൂജ നടത്താനെത്തുന്ന വീടുകളിലും ചെരിപ്പു ധരിച്ചാണ് കയറിയിരുന്നത്. പായ വിരിച്ച് അതിനു മുകളിലൂടെയായിരുന്നു പലപ്പോഴും നടത്തം. ഒരു വീട്ടിലെ പശുവാണ് ദോഷത്തിനു കാരണം എന്നു പറഞ്ഞ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായും പറയുന്നു.

ആടുകളെ വാങ്ങി വീട്ടിലെത്തിക്കുന്നതു പതിവായിരുന്നു. ആടിന്റെയും പശുക്കളുടെയും വില്‍പനയും നടത്തിയിരുന്നു. റൈസ് പുള്ളര്‍ ഇടപാടിലും കൃഷ്ണന്‍ പങ്കാളിയായിരുന്നു. ഇതിന്റെ പേരില്‍ പലരില്‍നിന്നും കൃഷ്ണന്‍ പണം വാങ്ങിയതായും പൊലീസിനു വിവരം ലഭിച്ചു.

കൃഷ്ണനും സഹോദരങ്ങളുമായി കുടുംബ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെയാണു സഹോദരങ്ങളുമായി അകന്നത്. മാതാവ് മരിച്ചപ്പോള്‍ പോലും കൃഷ്ണന്‍ തറവാടു വീട്ടിലെത്തിയില്ലെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൃഷ്ണനെ കാണാനെത്തിയവരെ സംശയമുണ്ടെന്നു സഹോദരങ്ങളായ യജ്ഞേശ്വരന്‍, ശശാങ്കന്‍ എന്നിവര്‍ പറഞ്ഞിരുന്നു. ഇവരുടെയും മൊഴിയെടുക്കാന്‍ കാളിയാര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല, മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയല്‍വാസികളും ബന്ധുക്കളും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ ചാണകക്കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.