കീഴാറ്റൂരില്‍ ഇനി എന്ത് കലാപം നടന്നാലും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ജി.സുധാകരന്‍

single-img
4 August 2018

കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവുമുണ്ടാവില്ല. നിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കീഴാറ്റൂര്‍ ബൈപാസിന് ബദല്‍പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിധിന്‍ ഗഡ്കരി കീഴാറ്റൂര്‍ സമരസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വയല്‍കിളികളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയ വിഷയം ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാത വികസനം നടക്കുമെന്ന ഘട്ടമെത്തിയേപ്പാഴാണ് പാരയുമായി വന്നിരിക്കുന്നത്.

നിതിന്‍ ഗഡ്കരി സംസ്ഥാനത്തിന്റെ താല്‍പര്യത്തോടൊപ്പമായിരുന്നു. നേരത്തേ, ഈ തര്‍ക്കം ഉയര്‍ന്നപ്പോള്‍ ആരോഗ്യപരമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. സമരക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു സമിതിയെ നിയോഗിക്കുകയും മറ്റൊരു അലൈന്‍മെന്റ്് സാധ്യമല്ലെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതുവഴി തന്നെ ദേശീയപാത സംഘടന തീരുമാനിച്ചത്.

കേരളത്തിലെ റോഡ് വികസനം തടയണമെന്ന ആര്‍.എസ്.എസ് സംഘടന ഇടപെടല്‍ വന്നപ്പോള്‍ അതിന് കേന്ദ്രം വഴിപ്പെടുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.