സര്‍ക്കാരിനെ വിമര്‍ശിച്ചു; ലൈവ് ഇന്റര്‍വ്യു നല്‍കുന്നതിനിടെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് അറസ്റ്റുചെയ്തു

single-img
4 August 2018

ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ വിമര്‍ശിച്ച രാഷ്ട്രീയ നിരീക്ഷകനെയാണ് പൊലീസുകാര്‍ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ റിട്ട. പ്രഫസര്‍ സുണ്‍ വെന്‍ഗുയാങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വോയ്‌സ് ഓഫ് അമേരിക്കയുടെ കീഴിലുള്ള ചൈനീസ് ടിവി ചാനല്‍ ലൈവ് പരിപാടിക്കിടെയാണ് പൊലീസ് പിടികൂടിയത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള തന്റെ വീട്ടില്‍, ടിവി ചാനലിന് വേണ്ടി ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു സുണ്‍.

പ്രസിഡന്റ് ഷി ചിന്‍പിങിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു എണ്‍പതുകാരനായ സുന്‍ ഉടന്‍ തന്നെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലേക്കു ഇരച്ചു കയറി. ‘എന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എനിക്കുണ്ട്.

ആര്‍ക്കും അത് നിഷേധിക്കാനാകില്ല’ ഇങ്ങനെ ഉറക്കെ വിളിച്ചു പറയുന്ന സുണിന്റെ ശബ്ദം ടിവിയില്‍ തല്‍സമയം സംപ്രേഷണം ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ നിലച്ചു. തുടര്‍ന്ന് ചാനല്‍ അധികൃതരും മറ്റു വിദേശ വാര്‍ത്താ ഏജന്‍സികളും സുണുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.