സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

single-img
3 August 2018

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ‘സോഷ്യല്‍ മീഡിയ ഹബ്ബ്’ പദ്ധതി ഉപേക്ഷിച്ചത്.

സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ എ.കെ. വേണുഗോപാല്‍ ഹബ് സ്ഥാപിക്കാനുള്ള നടപടി പുന:പരിശോധിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്) പുറത്തിറക്കിയിരുന്നു.

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള നെഗറ്റീവായ ധാരണകള്‍ ഇല്ലാതാക്കുവാനും പോസിറ്റീവായ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്യാമ്പയിന്‍ കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി രംഗത്തെത്തി. പൗരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിനെന്നല്ല മറ്റാര്‍ക്കും തന്നെ ഒളിഞ്ഞുനോക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട നാലംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.