അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുതാര്യമായെന്ന് രാജ്‌നാഥ് സിങ്

single-img
3 August 2018

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുതാര്യമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രജിസ്റ്ററിലില്ലാത്ത ഒരാള്‍ക്കെതിരെയും ബലപ്രയോഗമുണ്ടാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ അറിയിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ തത്പര കക്ഷികളാണ്.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തീര്‍ത്തും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് പട്ടിക തയ്യാറാക്കപ്പെട്ടത്. പൗരത്വം തെളിയിക്കപ്പെടുന്ന ആര്‍ക്കും തന്നെ ഇന്ത്യയില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ല.

അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭയപ്പാടിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം.

ഇക്കാര്യത്തില്‍ എല്ലാവരും ഒരേമനസോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ വളരെ നല്ല രീതിയില്‍ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്ന് രാജ്‌നാഥ് സിംഗ് വിവരിച്ചു. അതിനിടെ അസമിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ തടഞ്ഞ സംഭവത്തില്‍ ലോക്‌സഭ പ്രക്ഷുബ്ദമായി. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഒരു തവണ നിര്‍ത്തിവെച്ചു.