ഒടുവിൽ കേന്ദ്രം വഴങ്ങി; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജ‌ഡ്‌ജിയാകും

single-img
3 August 2018

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ആദ്യം തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് തീരുമാനം.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

ജനുവരിയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെയും മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കോളീജിയം ശുപാര്‍ശ ചെയ്തത്. ഏപ്രിലില്‍ ഇന്ദു മേേല്‍ഹാത്രയുടെ പേര് അംഗീകരിച്ച സര്‍ക്കാര്‍ കെ.എം ജോസഫിനെ തഴയുകയായിരുന്നു.

2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്നായിരുന്നു ആരോപണം.

എന്നാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണെന്നും സീനിയോറിറ്റിയും അര്‍ഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് കെ.എം ജോസഫിനോടൊപ്പം ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെക്കൂടി കൊളീജിയം നിര്‍ദേശിച്ചത്.

സീനിയോറിറ്റി നിര്‍ദേശം കൊളീജിയം അംഗീകരിച്ചതോടെ ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ നിരസിക്കാന്‍ കേന്ദ്രത്തിന് സാധിക്കാത്ത നിലയിലായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്.