കീഴാറ്റൂരില്‍ മേല്‍പ്പാലം പ്രായോഗികമല്ല; ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം

single-img
3 August 2018

ന്യൂഡല്‍ഹി: കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന് കേന്ദ്രം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിധിന്‍ ഗഡ്കരിയുമായി കീഴാറ്റൂര്‍ സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിനു ശേഷമായിരിക്കും സ്വീകരിക്കുക. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കണം, ഇതിന് അനുസൃതമായി അലൈന്‍മെന്റ് മാറ്റണം എന്നീ ആവശ്യങ്ങളായിരുന്നു സമരസമിതിയംഗങ്ങള്‍ യോഗത്തില്‍ പ്രധാനമായി ഉന്നയിച്ചത്.

വയല്‍ക്കിളി സമരസമിതി പ്രതിനിധികള്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി നേതാക്കള്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു. ദേശീയപാതയ്ക്ക് പകരം തളിപ്പറമ്പില്‍ മേല്‍പാലം നിര്‍മിക്കാമെന്ന് സമരനേതാക്കള്‍ പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അലൈന്‍മെന്റ് മാറ്റുന്നത് പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയത്.

വിദഗ്ദ സംഘം എത്രയും വേഗം തന്നെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും. സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സമരത്തെ തുടര്‍ന്ന് കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ തുടര്‍നടപടികള്‍ നിറുത്തിവയ്ക്കാന്‍ കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ത്രീ ഡി അലൈന്‍മെന്റ് നോട്ടിഫിക്കേഷനും മരവിപ്പിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നാണ് കേന്ദ്രനിര്‍ദേശം.

ബൈപ്പാസിന്റെ അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്നും സംഘം നിര്‍ദ്ദേശിച്ചിരുന്നു.