ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണി; ഇവരെ തിരിച്ചയക്കണമെന്ന് കെ.സുരേന്ദ്രന്‍

single-img
3 August 2018

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ബംഗാളില്‍ നിന്നെത്തിയ തൊഴിലാളികളില്‍ ബംഗ്ലാദേശികളുമുണ്ടെന്നും കേരളത്തിന്റെ സൈ്വര്യജീവിതത്തിന് ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തില്‍ ആയിരക്കണക്കിനാളുകള്‍ ബംഗ്ലാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബംഗാള്‍ ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലരെങ്കിലും പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നത്.

കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം.