നടി ആക്രമിക്കപ്പെട്ട കേസ്: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും ഹൈക്കോടതിയിലേക്ക്

single-img
3 August 2018

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ കക്ഷി ചേരാന്‍ താരസംഘടനയായ ‘അമ്മ’യിലെ നടിമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നടിമാരായ ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് കക്ഷി ചേരുക.

നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണ്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.

ആ സാഹചര്യത്തിലും അക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്.