മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് വാര്‍ത്ത പറ്റില്ല: എ.ബി.പി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

single-img
3 August 2018

എ.ബി.പി ന്യൂസില്‍ നിന്നും രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ടേക്കര്‍, മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പരിപാടിയുടെ അവതാരകന്‍ പുണ്യ പ്രസൂണ്‍ ബാജ്‌പെയ് എന്നിവരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയതില്‍ മാനേജ്‌മെന്റില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരുടെയും രാജി.

മാസ്റ്റര്‍ സ്‌ട്രോക്കിന്റെ ഒരു എപ്പിസോഡില്‍ ഛത്തീസ്ഗഢ് സ്വദേശിനിയായ വനിതയുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം സംപ്രേഷണം ചെയ്തിരുന്നു. നെല്‍കൃഷിയില്‍നിന്ന് സീതപ്പഴക്കൃഷിയിലേക്ക് മാറിയതോടെ വരുമാനം ഇരട്ടിയായെന്നായിരുന്നു അന്ന് ആ സ്ത്രീ പറഞ്ഞത്.

എന്നാല്‍, പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോള്‍ വരുമാനം ഇരട്ടിയായെന്ന് പറയണമെന്ന് ഡല്‍ഹിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞു പഠിപ്പിച്ചു തന്നിരുന്നെന്ന് ആ സ്ത്രീ സമ്മതിക്കുന്ന മറ്റൊരു എപ്പിസോഡും പിന്നീട് മാസ്റ്റര്‍ സ്‌ട്രോക്ക് സംപ്രഷണം ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചു. അതോടെ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എ ബി പി ന്യൂസിനെതിരെ രംഗത്തെത്തിയിരുന്നു.

പിന്നാലെ എ.ബി.പി ന്യൂസ് ടാറ്റ സ്‌കൈയിലും എയര്‍ടെല്‍ ഡിടിഎച്ചിലും പല സ്ഥലങ്ങളിലും പ്രേക്ഷകര്‍ക്ക് ലഭ്യമല്ലാതായി. ചാനല്‍ പലയിടങ്ങളിലും കിട്ടുന്നില്ലെന്നും വ്യക്തതയില്ലെന്നും പ്രേക്ഷകര്‍ പരാതിയുമായി രംഗത്തെത്തി. രാത്രി ഒമ്പത് മണിക്ക് മാസ്റ്റര്‍സ്‌ട്രോക്ക് പരിപാടി പോകുമ്പോഴാണ് കൂടുതലായും തടസ്സം നേരിട്ടതെന്നതും ശ്രദ്ധേയമാണ്.

മാധ്യമപ്രവര്‍ത്തകരുടെ രാജിയിലേക്ക് നയിച്ചത് ബി.ജെ.പിയുടെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വിമര്‍ശിച്ചു. ‘ഓപറേഷന്‍ എ.ബി.എസ് ന്യൂസ് ചാനല്‍ താമര’ നടത്തിയത് മോദിയും അമിത് ഷായും ചേര്‍ന്നാണെന്ന് സുര്‍ജേവാലയുടെ ട്വീറ്റ് ചെയ്തു.

സ്വതന്ത്രമാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാരെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ‘സ്വതന്ത്രമാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ജീവനാഡി. എന്നാല്‍ സ്വതന്ത്രമാധ്യമങ്ങളെ ഇല്ലാതാക്കുമെന്ന വാശിയിലാണ് മോദി സര്‍ക്കാര്‍. രണ്ടുദിവസത്തിനുള്ളില്‍ രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എ ബി പി ന്യൂസില്‍നിന്ന് രാജിവച്ചത് ഇതിനുള്ള മറ്റൊരു തെളിവാണ്. മാധ്യമങ്ങള്‍ ഉണര്‍ന്നേ മതിയാകൂ. അല്ലാത്തപക്ഷം ഏറെ വൈകിപ്പോകും’ കെജ്‌രിവാള്‍ പറഞ്ഞു.