തലച്ചോറിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റി; 6 വയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു

single-img
3 August 2018

മാതാപിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സംഭവമാണിത്. പെന്‍സില്‍വാനിയയിലെ ന്യൂ സ്റ്റാന്റണിലാണ് ആറ് വയസ്സുകാരന്റെ ബ്രെയിന്‍ ട്യൂമര്‍ മാറ്റാന്‍ തലച്ചോറിന്റെ ഒരു ഭാഗം തന്നെ എടുത്തുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

വളരെ സാവധാനത്തില്‍ വളര്‍ന്നുവരുന്ന ട്യൂമറാണ് കുട്ടിയുടെ രോഗമെന്ന് അവന് നാലു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. പെനിസില്‍വാനിയയിലെ നഴ്‌സ് ദമ്പതികളായ കാളിനും നിക്കോള്‍ കോളിന്‍സിനും മകന്‍ ടാണര്‍ കോളിന്‍സിന്റെ രോഗ ചികിത്സയ്ക്കായി പല മര്‍ഗ്ഗങ്ങളും നോക്കിയിരുന്നു.

ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് തലച്ചോറിന്റെ ആറില്‍ ഒന്ന് ഭാഗം എടുത്ത് മാറ്റുന്ന ശസ്ത്രക്രിയ അല്ലാതെ വേറെ പോംവഴിയില്ലെന്ന് മനസിലാക്കിയത്. ടാണറിന് നാലു വയസ്സുള്ളപ്പോള്‍ രോഗം തിരിച്ചറിഞ്ഞെങ്കിലും ആറ് വയസ്സിലാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

തലയുടെ വലത് ഭാഗത്താണ് ട്യൂമര്‍ എന്നതിനാല്‍ മുഖത്തിന്റെ ആകൃതിക്കും മറ്റും കോട്ടം സംഭവിക്കുമോ എന്ന ഭയവും മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. പീറ്റ്‌സ്‌ബെര്‍ഗ് മെഡിക്കല്‍ സെന്ററിലെ കുട്ടികളുടെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വളരെ സങ്കീര്‍ണ്ണമായ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ പക്ഷേ വിജയകരമായിരുന്നു.

ഇപ്പോള്‍ ടാണര്‍ക്ക് 12 വയസ്സുണ്ട്. കാഴ്ചയ്ക്ക് ചെറിയ മങ്ങല്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ സാധാരണ കുട്ടിയെപ്പോലെ വളരെ സ്മാര്‍ട്ടാണ് ടാണര്‍. സയന്റിഫിക് ജേര്‍ണല്‍ സെല്‍ എന്ന ആരോഗ്യമാസികയാണ് ടാണറുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കാര്‍ണീജ് മെലന്‍ സര്‍വ്വകലാശാലയിലെ ലാബില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികളിലെ തലച്ചോറിന്റെ ഒരു ഭാഗം എടുത്തുമാറ്റുന്ന ശസ്ത്രക്രിയയില്‍ പഠനം നടത്തിയ കേസ് ടാണറുടേതാണ്. വലത്തേ തലച്ചോറിന്റെ മൂന്നിലൊരു ഭാഗത്തോളം വളര്‍ന്ന ട്യൂമറാണ് നീക്കം ചെയ്തതെന്ന് ന്യൂറോ സയന്റിസ്റ്റ് മെര്‍ലീന്‍ ബെര്‍മാന്‍ പറഞ്ഞു.