കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി; പിണറായി വിജയന്‍ സന്ദര്‍ശിച്ചു

single-img
2 August 2018

അസുഖബാധിതനായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നു സൂചന. അരമണിക്കൂര്‍ കരുണാനിധിയെ കസേരയില്‍ ഇരുത്തിയതായാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

മരുന്നുകളോട് കരുണാനിധി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കരുണാനിധി കസേരയില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ആശുപത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒന്നരയാഴ്ചയായി കിടക്കയില്‍ തന്നെയുള്ള കരുണാനിധി കസേരയില്‍ ഇരുന്നുവെന്ന വാര്‍ത്ത പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.

കലൈജ്ഞറുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും പ്രവര്‍ത്തകര്‍ നാട്ടിലേക്ക് മടങ്ങണമെന്നും കനിമൊഴി നിര്‍ദേശിച്ചു. ചൊവ്വാഴ്ച വൈകിട്ടു കരുണാനിധിയുടെ ചിത്രം പുറത്തു വന്നതോടെയാണു പാര്‍ട്ടി അണികളില്‍ ആശങ്ക തെല്ലൊഴിഞ്ഞത്.

അതിനുശേഷം പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനും ആരോഗ്യനില മെച്ചപ്പെട്ടുവെന്നു തന്നെയാണു സൂചിപ്പിച്ചത്. അതേസമയം, പ്രായാധിക്യം മൂലം പൊതുവായ ആരോഗ്യനില മോശമാണെന്നും കരളിന്റെ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടെന്നും വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍ ആശുപത്രിവാസം നീളുമെന്നും അറിയിച്ചിരുന്നു.

അതോടെയാണു പ്രവര്‍ത്തകര്‍ പിരിഞ്ഞു തുടങ്ങിയത്. പ്രവര്‍ത്തകര്‍ സമാധാനമായി പിരിഞ്ഞുപോകണമെന്നു രാത്രിയിലും സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരുന്നു. അണികളുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥനകള്‍ വെറുതെയാകില്ലെന്നു കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല.

അതേസമയം, വിവിഐപികളുടെ ആശുപത്രി സന്ദര്‍ശനം തുടരുകയാണ്. രാവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രധാന സന്ദര്‍ശകന്‍. കരുണാനിധിയുടെ മക്കളായ കെ സ്റ്റാലിനും കനിമൊഴിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെ എന്ന് പിണറായി ആശംസിച്ചു.