‘കീ കീ ചലഞ്ചിന്’ പിന്നില്‍ നമ്മുടെ ലാലേട്ടനും മമ്മൂക്കയുമാണ്; അല്ലാതെ സായിപ്പല്ല; സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ

single-img
2 August 2018

https://www.youtube.com/watch?time_continue=20&v=Ujfm8Heny9Y

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ‘കീകി ഡു യു ലൗമീ’ കേള്‍ക്കുന്നു. ഉടനെ അതാ ചാടിയിറങ്ങി കിടിലന്‍ ഡാന്‍സ്. ഒരാളല്ല. പലരും ഇപ്പോള്‍ ഇങ്ങനെയാണ്. ഓടുന്ന കാറില്‍ നിന്നും പാതിവഴിയില്‍ ചാടിയിറങ്ങുക. പിന്നെ തകര്‍പ്പന്‍ ചുവടുകള്‍. വീഡിയോ കണ്ടവര്‍ക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. ഇതാണ് ‘കികി ചലഞ്ച്’.

കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം തരംഗമാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ ഗാനം കേള്‍ക്കുകയും തുടര്‍ന്ന് പാതിവഴിയിലെ ഡാന്‍സുമാണ് ‘കീകി’ ചലഞ്ച്. ലോകമാകെയുള്ള ‘കീകി’ ആസ്വാദകര്‍ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തിലും ആരാധകര്‍ കുറവല്ല. എന്നാല്‍ വിദേശികള്‍ ചുവടു വയ്ക്കുന്നതിന് മുന്‍പേ ‘കീകി’ ചലഞ്ച് മലയാളികള്‍ക്ക് പരിചിതമായിരുന്നുവെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. കീ കീ ചലഞ്ചിനായി ആദ്യം നൃത്തം ചെയ്തത് മറ്റാരുമല്ല, നമ്മുടെ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് ഇവര്‍ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നു.

1983ല്‍ പുറത്തിറങ്ങിയ ‘നാണയം’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ട്രോളന്മാര്‍ ഇരയാക്കിയത്. പോം…പോം ഈ ജീപ്പിന് മദമിളകി എന്നാണ് യഥാര്‍ത്ഥത്തില്‍ ഗാനരംഗത്തിലുളള പാട്ട്. യേശുദാസും ജയചന്ദ്രനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലാലും മമ്മൂട്ടിയും തുറന്ന ജീപ്പില്‍ പോകുന്നതിനിടെ പെണ്‍കുട്ടികളെ കാണുമ്പോള്‍ ചാടിയിറങ്ങി പിറകെ നടന്നു പാടുന്നതാണ് ഗാനരംഗത്തിലുള്ളത്. ഈ വീഡിയോ മനോഹരമായി കീ കീ ചലഞ്ചായി എഡിറ്റ് ചെയ്തിരിക്കുകയാണ്. എന്തായാലും ഈ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.