രാത്രിയില്‍ ഹോട്ടലില്‍ വന്ന് ബിരിയാണി ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; പാര്‍ട്ടി അണികളെ സിസിടിവി കുടുക്കി: വീഡിയോ

single-img
2 August 2018

രാത്രിയില്‍ ഹോട്ടലില്‍ വന്ന് ബിരിയാണി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ഹോട്ടല്‍ ജീവനക്കാരെ ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് തല്ലിച്ചതച്ചു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വിരുഗക്കാമ്പത്തെ സേലം ആര്‍ ആര്‍ ബിരിയാണി കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ സൗജന്യമായാണ് ബിരിയാണി ആവശ്യപ്പെട്ടതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

പക്ഷേ അപ്പോഴേക്കും ബിരിയാണി തീര്‍ന്നുപോയിരുന്നു. പക്ഷേ കലിപൂണ്ട പ്രവര്‍ത്തകര്‍ ബിരിയാണി കിട്ടാതായപ്പോള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി യുവരാജ് ഉള്‍പ്പെടെ അഞ്ചുപേരാണ് ആക്രമണത്തിന് പിന്നില്‍.

ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം കാട്ടിയ ഇവര്‍ പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അച്ചടക്ക നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ പക്ഷേ, സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.