12 അക്ക ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ പരസ്യപ്പെടുത്തരുത്: മുന്നറിയിപ്പുമായി യുഐഡിഎഐ

single-img
1 August 2018

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ജനങ്ങള്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ നിര്‍ദ്ദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയാണ് ഈ നിര്‍ദേശം. 12 അക്ക ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം.

അത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി നേരത്തെ ട്രായ് ചെയര്‍മാന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പറും ഇ മെയില്‍ വിലാസവും അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെട്ടിരുന്നു.

ശര്‍മ അവകാശവാദം തള്ളുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ രംഗത്തെത്തിയിട്ടുള്ളത്. മറ്റാരുടെയെങ്കിലും ആധാര്‍ നമ്പര്‍ ദുരുപയോഗപ്പെടുത്തുന്നതും ആധാര്‍ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും കുറ്റകരമാണെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.